മലപ്പുറം: ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. ശിവനെയും പാർവതിയും അവഹേളിച്ച ഉമർ ഫൈസി മുക്കത്തിന്റെ വാക്കുകളാണ് പ്രതിഷേധത്തിനിടയാക്കിയത്. ആദർശ സമ്മേളനമെന്ന പേരിൽ അരീക്കോട് നടന്ന പരിപാടിയിലായിരുന്നു വിവാദ പരാമർശം.
ഉത്തരേന്ത്യയിലെ ഓരോ പള്ളികളും ആരാധനാലയങ്ങളും പൊളിക്കുകയാണെന്നും ശിവന്റെ ലിംഗമുണ്ടെന്നും പാർവതിയുടെ ഫർജ് ഉണ്ടായിരുന്നെന്നും പറഞ്ഞാണ് പള്ളികൾ പൊളിക്കുന്നതെന്ന് ആയിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ വാക്കുകൾ. കോടതിയെയും അവഹേളിക്കുന്ന വാക്കുകൾ പ്രസംഗത്തിലുണ്ടായിരുന്നു. ഇതനുസരിച്ച് സർവേ നടത്തണമെന്ന് കോടതിയും പറയുകയാണെന്ന് ആയിരുന്നു പരാമർശം.
സംഭവം വിവാദമായതോടെ സമസ്തയ്‌ക്ക് വേണ്ടി ഹൈന്ദവ സമൂഹത്തോട് മാപ്പ് ചോദിക്കുന്നതായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. മറ്റ് മതസ്ഥരേയും അവരുടെ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന മതമാണ് ഇസ്ലാമെന്ന വാദവും അബ്ദുസമദ് പൂക്കോട്ടൂർ ആവർത്തിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും ഉമർ ഹഫൈസി മുക്കം രംഗത്ത് വന്നിരുന്നു. സമസ്തയ്‌ക്കുള്ളിലെ തർക്കങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച കേന്ദ്ര മുശാവറ യോഗത്തിൽ ജിഫ്രി മുത്തുകോയ തങ്ങളുമായി വാക്കേറ്റവും നടത്തിയിരുന്നു. സാദിഖലി തങ്ങൾക്കെതിരെയുള്ള ഉമ്മർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം ചർച്ച ചെയ്യാൻ തുടങ്ങുമ്പോഴായിരുന്നു വാക്കേറ്റം. ഒടുവിൽ ജിഫ്രി തങ്ങൾ ഇറങ്ങിപ്പോവുകയും യോഗം പിരിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈന്ദവ സമൂഹത്തെ അവഹേളിക്കുന്ന പരാമർശം പുറത്തുവരുന്നത്.















