കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. അബ്ദുൾ ഗഫൂർ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷമീമയെന്ന ജിന്നുമ്മയ്ക്ക് ഉന്നത ബന്ധം. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.
കാന്തപുരം എ. പി അബൂബക്കർ മുസ്ല്യാർ കൂളിക്കുന്നിലെ ജിന്നുമ്മയുടെ ആഢംബര വീട് സന്ദർശിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്ത് വന്നത്. ജിന്നുമ്മയുടെ വീട്ടിൽ സഹായികളുടെ കൈ പിടിച്ചാണ് കാന്തപുരം കയറി വരുന്നത്. അകമ്പടിയായി വലിയൊരു സംഘവും കാന്തപുരത്തിന്റെ കൂടെയുണ്ട്.

കാന്തപുരം മാത്രമല്ല പല പ്രമുഖരും ജിന്നുമ്മയുടെ വീട്ടിൽ എത്താറുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. രാഷ്ട്രീയക്കാരുമായും ജിന്നുമ്മയ്ക്ക് കൂട്ടുണ്ടെന്ന ആരോപണവും ശക്തമാണ്. കേസ് ആദ്യം അന്വേഷിച്ച ബേക്കൽ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു. ജിന്നുമ്മ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമുള്ള രാഷ്ട്രീയ ഇടപെടൽ ഇതിന് തെളിവാണെന്നും ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടി.
2023 ഏപ്രിൽ 14 നാണ് ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം ഇദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം സംസ്കരിച്ചു. പിന്നീടാണ് 596 പവൻ സ്വർണ്ണം നഷ്ടമായ വിവരം കുടുംബം അറിയുന്നത്. ഇതോടെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിനെ സമീപിക്കുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. 596 പവൻ സ്വർണ്ണമാണ് സംഘം അബ്ദുൾ ഗഫൂർ ഹാജിയിൽ നിന്ന് തട്ടിയെടുത്തത്. ആഭിചാരത്തിന്റെ ഭാഗമായി ഗഫൂർ ഹാജിയെ തലയിൽ പ്രത്യേകവസ്ത്രം ധരിപ്പിച്ചശേഷം തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഉയർന്ന സാമ്പത്തികമുള്ളവരേയാണ് ജിന്നുമ്മ നോട്ടമിട്ടിരുന്നത്. സമ്പന്നരുടെ വീടുകളിലെത്തി ജിന്നുമ്മയ്ക്ക് ആത്മീയശക്തിയുണ്ടെന്ന് സംഘത്തിലെ മറ്റുള്ളവർ പറഞ്ഞ് വിശ്വസിപ്പിക്കും. കാസർകോട് ജില്ലയിലെ ഒട്ടേറെ പ്രമുഖർ ഇവരുടെ വലയിൽ വീണിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പിനിരയാകുന്നവർ സമൂഹത്തിൽ അറിയപ്പെടുന്നവർ ആയതിനാൽ ആരും പരാതിപ്പെടാറില്ല. ഇതായിരുന്നു സംഘം മുതലെടുത്തത്.















