ഗോവ: കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും മുൻപിൽ തെന്നിന്ത്യൻ ചലച്ചിത്ര താരം കീർത്തി സുരേഷിന് വിവാഹം. എറണാകുളം സ്വദേശി ആന്റണി തട്ടിൽ ആണ് കീർത്തിക്ക് വരണമാല്യം ചാർത്തിയത്.
ഗോവയിലെ റിസോർട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, സംവിധായകൻ പ്രിയദർശൻ, ദിലീപ്, ബിജു മേനോൻ, സംയുക്ത വർമ, തൃഷ, വിജയ്, എം.ജി ശ്രീകുമാർ, ഗുഡ് നൈറ്റ് മോഹൻ, നാനി, നാഗാശ്വിൻ, ആറ്റ്‌ലി, ലിംഗസ്വാമി, രഞ്ജിത്ത്, രാകേഷ്, തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
നിർമാതാവും ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാനുമായ ജി സുരേഷ് കുമാറിന്റെയും മലയാളികളുടെ പ്രിയ അഭിനേത്രിയായ മേനകാ സുരേഷ് കുമാറിന്റെയും മകളായ കീർത്തിയുടെ ബാല്യകാല സുഹൃത്താണ് ആന്റണി തട്ടിൽ. അടുത്തിടെയാണ് ഇരുവരും തമ്മിലുളള പ്രണയം പുറത്തറിഞ്ഞതും വിവാഹം തീരുമാനിച്ചതായി വീട്ടുകാർ വ്യക്തമാക്കിയതും. വിവാഹ ചിത്രങ്ങൾ കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.
ഇരുവരും 15 വർഷമായി പ്രണയത്തിലായിരുന്നു. എഞ്ചിനീയറായ ആന്റണി നിലവിൽ ബിസിനസുകാരനാണ്. ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമയാണ്.
വിവാഹം സ്വകാര്യ ചടങ്ങായി നടത്താനാണ് താൽപര്യമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ അധികം അതിഥികൾ വിവാഹത്തിൽ പങ്കെടുത്തില്ല.