ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയാണെന്ന് കൊൽക്കത്തയിലെ ഇസ്‌കോൺ വൈസ്പ്രസിഡന്റ് രാധാരമൺ ദാസ്. അനുസരിക്കാൻ തയാറല്ലാത്തവർക്കെതിരെ ഇസ്ലാമിക ഭീകരർ വധഭീഷണി മുഴക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ നിലനിൽക്കുന്നത് ഭയാനകമായ സാഹചര്യമാണെന്നും നിലവിൽ അധികാരത്തിലുള്ള മതമൗലികവാദികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാധാരാമൻ ദാസ് ആരോപിച്ചു.
“മത പരിവർത്തനത്തിന്റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തുന്നു. ബംഗ്ലാദേശിൽ മതപരിവർത്തനം നടക്കുന്നതായി ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിച്ചു. മതം മാറാൻ വിസമ്മതിച്ചാൽ ആളുകളെ വാൾ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു,” അദ്ദേഹം പറഞ്ഞു. ഭീഷണികളും പീഡനങ്ങളും സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് പലായനം ചെയ്ത പെൺകുട്ടിയെയും കുടുംബത്തെയും സംരക്ഷിക്കാനും അവർക്ക് പൗരത്വം നൽകാനും ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഇസ്കോൺ നേതാവ് പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദു സന്യാസി ചിന്മയ് ദാസ് പ്രഭുവിന് ജാമ്യം നിഷേധിച്ച് കോടതി വിചാരണ വൈകിപ്പിക്കുന്ന ബംഗ്ലാദേശ് സർക്കാരിനെയും ഇസ്‌കോൺ വൈസ് പ്രസിഡൻ്റ് വിമർശിച്ചു. നവംബർ 25 നാണ് ബംഗ്ലാദേശ് അധികൃതർ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യുന്നത്. കോടതി ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ സർക്കാർ ഇസ്കോൺ നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും ബംഗ്ലാദേശ് കോടതി നിരസിച്ചു. ഷെയ്ഖ് ഹസീനയുടെ സർക്കാരിന്റെ പതനത്തെത്തുടർന്നാണ് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ രൂക്ഷമായത്.















