ഹൈദരാബാദ്: സ്വത്ത് തർക്കത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ ആക്രമണത്തിനിരയായ മാദ്ധ്യമപ്രവർത്തകനോട് മാപ്പ് അപേക്ഷിച്ച് തെലുങ്ക് നടൻ മോഹൻ ബാബു. മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത കേസിൽ മോഹൻ ബാബുവിനെതിരെ വധശ്രമക്കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അന്നത്തെ സാഹചര്യത്തെ മാദ്ധ്യമങ്ങൾ അശ്രദ്ധമായാണ് കൈകാര്യം ചെയ്തതെന്നും, സാമൂഹിക വിരുദ്ധരിൽ നിന്ന് സ്വയം സംരക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നുമാണ് മോഹൻ ബാബുവിന്റെ അവകാശവാദം. സംഭവം നിർഭാഗ്യകരമാണെന്നും ഖേദം പ്രകടിപ്പിക്കുകയാണെന്നും മോഹൻ ബാബു പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു. ആക്രമണത്തിനിരയായ മാദ്ധ്യമപ്രവർത്തകൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ്.
” വ്യക്തിപരമായ കുടുംബ തർക്കം പൊതു ഇടത്തിന് മുന്നിലെത്തി മറ്റൊരു സാഹചര്യത്തിലേക്ക് മാറിയത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 48 മണിക്കൂറായി ആരോഗ്യപരമായുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ഞാൻ ഉടൻ തന്നെ ഈ വിഷയത്തിൽ മാപ്പ് പറയുമായിരുന്നു. സംഭവമുണ്ടായ ദിവസം സാമൂഹിക വിരുദ്ധർ ഉൾപ്പെടെ 50ഓളം പേർ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചു. ആ സമയത്ത് ആത്മസംയമനം നഷ്ടപ്പെട്ടുപോയി.
ഏതൊരു വ്യക്തിയേയും പോലെ പെട്ടെന്ന് ആ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു. അങ്ങനെയാണ് മാദ്ധ്യമപ്രവർത്തകനും പരിക്കേറ്റത്. മാദ്ധ്യമങ്ങൾ ആ സാഹചര്യത്തെ അശ്രദ്ധമായി കൈകാര്യം ചെയ്തു. എന്നിരുന്നാൽ പോലും ആ മാദ്ധ്യമപ്രവർത്തകനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ജോലി ചെയ്യുന്ന സ്ഥാപനത്തോടും ക്ഷമാപണം നടത്തുകയാണ്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും” മോഹൻ ബാബു കുറിച്ചു.
ആക്രമണത്തിനിരയായ മാദ്ധ്യമപ്രവർത്തകന്റെ പരാതിയിലാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മോഹൻ ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മോഹൻബാബുവും മകനും തമ്മിലുള്ള തർക്കം ചിത്രീകരിക്കുന്നതിനിടെ അദ്ദേഹം രോഷാകുലനായി മാദ്ധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യുകയായിരുന്നു. മൈക്ക് പിടിച്ചുവാങ്ങിയ മോഹൻ ഇതുപയോഗിച്ച് തലയ്‌ക്ക് അടിക്കുകയായിരുന്നു.















