കൊച്ചി: രത്തൻ ടാറ്റയെന്ന മനുഷ്യസ്നേഹിയെ ഓർത്ത് സുനു വർഗീസ്. 2008 ലെ മുംബൈ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട കടങ്ങല്ലൂർ കണിയാംകുന്ന് വർഗീസ് തോമസിന്റെ ഭാര്യയാണ് സുനു. താജ് പാലസിലെ ജപ്പാനീസ് റസ്റ്റോറന്റിന്റെ ക്യാപ്റ്റനായിരുന്നു വർഗീസ്. അദ്ദേഹത്തെ അറിയുന്നത് വരെ ഒന്നുമല്ലാത്ത ഞാൻ പോലും എത്ര അഹങ്കാരത്തോടെയാണ് ജീവിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകളിലെ ആഴം ഞങ്ങൾക്ക് ദൈവത്തെ കാണിച്ചു തന്നു. എളിമയുള്ള ദൈവമായിരുന്നു അത്, സുനു പറഞ്ഞു.
ഇന്ത്യൻ വ്യവസായ രംഗത്തെ കുലപതിയെക്കുറിച്ച് മുൻ പ്രതിരോധ സെക്രട്ടറിയായ തോമസ് മാത്യു രചിച്ച ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന ജീവചരിത്രവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പുസ്ത രചനയുമായി ബന്ധപ്പെട്ട് സുനുവിൽ നിന്നും തോമസ് മാത്യു വിവരങ്ങൾ തേടിയിരുന്നു.
” കൊല്ലപ്പെടുമ്പോൾ വർഗീസിന് 48 വയസ്സായിരുന്നു പ്രായം. വർഗീസ് അടക്കമുളള ടാറ്റ ജീവനക്കാർ സ്വന്തം ജീവൻ അപായപ്പെടുത്തി നിരവധി പേരെ രക്ഷപ്പെടുത്തി. കൊല്ലപ്പെട്ട 11 ജീവനക്കാരുടെ കുടുംബത്തെ മാത്രമല്ല അന്ന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട 200 കുടുംബങ്ങളെയും രത്തൻ ടാറ്റ സംരക്ഷിച്ചു.
ആ വർഷം ഡിസംബർ 4 നാണ് രത്തൻ ടാറ്റയെ ആദ്യമായി കണ്ടത്. വർഗീസിന്റെ ശമ്പളം ഒരു മുടക്കവും കൂടാതെ ഇന്നും എനിക്ക് ലഭിക്കുന്നുണ്ട്. പിന്നീട് എനിക്ക് താജ് പബ്ലിക്ക് വെൽഫെയർ ട്രസ്റ്റിൽ ജോലി നൽകിയിട്ടും വർഗീസിന്റെ ശമ്പളം തുടർന്നു. ഞാൻ ആ ജോലിയിൽ നിന്നും റിട്ടയറായി എന്നിട്ടും ഭർത്താവിന്റെ ശമ്പളം എനിക്ക് കിട്ടുന്നുണ്ട്. രണ്ട് ആൺമക്കളുടെ 25 വയസ്സുവരെയുള്ള മുഴുവൻ പഠനച്ചെലവും അദ്ദേഹം ഏറ്റെടുത്തു, സുനു പറഞ്ഞു. മുൻപ് പുസ്തകത്തെ കുറിച്ച് തോമസ് മാത്യുവിന്റെ അവതരണ പരിപാടിയിലാണ് സുനുവിന്റെ ഈ വാക്കുകൾ.















