ഓർമകളുമായാണ് ഓരോ ദിവസവും അവസാനിക്കുന്നത്. ജീവതത്തിന്റെ താളം തന്നെ ഓർമകളാണ്. എന്നാൽ പെട്ടെന്ന് അങ്ങ് ഈ ഓർമ കുറഞ്ഞാലോ? എന്നും നടക്കുന്നവ വഴികളും ആളുകളെയും ഒക്കെ അങ്ങ് മറന്ന് പോയാലോ? ജീവിതത്തിന്റെ ഏറ്റവും ഭയനാകമായ അവസ്ഥയാണിതെന്ന് പറയാൻ സാധിക്കും. ഇന്ന് പ്രായമായവരെ അലട്ടുന്ന പ്രധാന രോഗാവസ്ഥയാണ് അൽഷിമേഴ്സ് അഥവാ മറവിരോഗം. ജീവിതത്തിൻ്റ താളം തെറ്റുമ്പോഴാണ് പലരും അൽഷിമേഴ്സ് എന്ന സംശയിക്കുന്നത്. രോഗം കണ്ടുപിടിക്കുമ്പോഴെക്കും മൂർച്ഛിച്ചിട്ടുണ്ടാകും.
എന്നാൽ അൽഷിമേഴ്സിനെ ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ കണ്ടെത്താമെന്ന് പറയുകയാണ് ഡോക്ടറും അൽഷിമേഴ്സ് രോഗിയുമായ ഡോ. ഡാനിയേൽ ഗിബ്സ്. നേരത്തെ കാണിക്കുന്ന ചില ലക്ഷണങ്ങളെ വേണ്ടവിധത്തിൽ മനസിലാക്കിയാൽ ഒരുപരിധി വരെ മറവി രോഗത്തെ പിടിച്ചുകെട്ടാം. സ്വയം അൽഷിമേഴ്സ് രോഗനിർണയം നടത്തിയാളാണ് ഡോ. ഡാനിയേൽ. 74-കാരൻ പറയുന്ന ഈ കാര്യങ്ങളെ കാര്യമാക്കിയെടുത്താൽ അൽഷിമേഴ്സുണ്ടോയെന്ന് ഒരു പരിധി വരെ തിരിച്ചറിയാം..
55-ാം വയസ് മുതലാണ് അദ്ദേഹത്തിന് ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയത്. മണം ലഭിക്കാൻ പ്രയാസം അനുഭവ പെടുന്നതായിരുന്നു ആദ്യത്തെ ലക്ഷണം. പിന്നാലെ ഓർമ കിട്ടാതെയായി. ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ ദിവസങ്ങൾ ചെല്ലുന്തോറും കൂടി കൂടി വന്നു. ഇത് തിരിച്ചറിഞ്ഞ ഡോക്ടർ, അൽഷിമേഴ്സിന്റെ വേഗതയും ആഘാതവും കുറയ്‌ക്കുന്നതിനായി വ്യായാമം, ഭക്ഷണക്രമം എന്നിവയിൽ മാറ്റം വരുത്തിയെന്നും പറയുന്നു.
വിട്ടുമാറാത്ത രോഗമാണിതെന്നും ഒറ്റരാത്രി കൊണ്ട് മൂർച്ഛിക്കില്ലെന്നും പയ്യെ പയ്യെ കാർന്ന് തിന്നുകയാണ് പതിവെന്നും അദ്ദേഹം പറയുന്നു. സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ആശയക്കുഴപ്പം സൃഷ്ടിക്കുക, ഉത്കണ്ഠ, വിഷാദം, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
സംഭാഷണത്തിനിടെ വാക്കുകൾ കിട്ടാതാവുക, സാധനങ്ങളുടെയും വ്യക്തികളുടെയും പേരുകൾ ഓർമയിൽ കിട്ടാതെയാവുക, ഈയിടെ നടന്ന പരിപാടികളും സംഭാഷണങ്ങളും മറന്നു പോകുക. തിയതികൾ, അപ്പോയ്‌മെന്റുകൾ എന്നിവ മറന്നുപോകുക, പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി മനസ്സിലാക്കാൻ ബുദ്ധിമുട്ടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഒരേ കാര്യം തന്നെ പല വട്ടം പറയുക. ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയാതിരിക്കുക. സങ്കീർണമായ ജോലികൾ ചെയ്യാൻ ബുദ്ധിമുട്ട്. രോഗത്തിന്റെ തീവ്ര ഘട്ടങ്ങളിൽ രോഗിക്ക് തനിയെ ഭക്ഷണം കഴിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടെന്ന് വരാം.
കൃത്യമായ പ്രതിരോധ മാർഗങ്ങൾ ഇല്ലെന്നതാണ് വാസ്തവം. എന്നാൽ ചില ശീലങ്ങൾ പിന്തുടർന്നാൽ അപകടസാധ്യത കുറയ്‌ക്കാം. ആരോഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും അനിവാര്യമാണ്. മസ്തിഷ്കത്തെ സജീവമായി നിലനിർത്താൻ ശ്രമിക്കണം.















