ന്യൂഡൽഹി: ഭീകരശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. 2001 ലെ പാർലമെന്റ് ആക്രമണത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.
” 2001 ൽ നമ്മുടെ പാർലമെന്റിനെ സംരക്ഷിച്ചുകൊണ്ട് ജീവൻ ബലിയർപ്പിച്ച ധീരർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ധൈര്യവും നിസ്വാർത്ഥ സേവനങ്ങളും നമ്മെ എക്കാലവും പ്രചോദിപ്പിക്കുന്നു. അവരോടും അവരുടെ കുടുംബങ്ങളോടും രാജ്യം നന്ദിയുള്ളവരാണ്. ഭീകരവാദത്തെ ചെറുക്കാൻ ഒറ്റക്കെട്ടായി രാജ്യം നിലകൊള്ളും.”- ദ്രൗപദി മുർമു കുറിച്ചു.
സൈനികരുടെ ധൈര്യം, ത്യാഗം, കടമ എന്നിവ രാഷ്‌ട്രത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയുടെ തെളിവാണ്. സൈനികരുടെ ത്യാഗങ്ങൾ എക്കാലവും രാഷ്‌ട്രത്തെ നിസ്വാർത്ഥമായി സേവിക്കാൻ രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. 2001 ഡിസംബർ 13ന് പാർലമെന്റിന് നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്ത എല്ലാ ധീരരെയും ഈ അവസരത്തിൽ ഓർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ പാകിസ്താൻ ഭീകരസംഘടനകളായിരുന്നു ആക്രമണത്തിന് പിന്നിൽ. ഡൽഹി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ജഗദീഷ്, മത്ബാർ, കമലേഷ് കുമാരി, നാനക് ചന്ദ്, രാംപാൽ, ഹെഡ് കോൺസ്റ്റബിൾമാരായ ഓം പ്രകാശ്, ബിജേന്ദർ സിംഗ്, ഘനശ്യാം എന്നിവരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇവർക്കൊപ്പം ദേശ്രാജ് എന്ന തോട്ടം തൊഴിലാളിക്കും ജീവൻ നഷ്ടമായിരുന്നു.















