മുംബൈ: മുതിർന്ന സംഗീത സംവിധായകനും ഹൃത്വിക് റോഷന്റെ അമ്മാവനുമായ രാജേഷ് റോഷൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഗായികയുടെ വെളിപ്പെടുത്തൽ. ബംഗാളി ഗായിക ലഗ്നജിത ചക്രവർത്തിയാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുംബൈയിൽ രാജേഷ് റോഷന്റെ വസതിയിൽ വച്ചാണ് സംഭവം നടന്നതെന്ന് യുവതി പറഞ്ഞു. സ്‌ട്രെയിറ്റ് അപ്പ് വിത്ത് ശ്രീ എന്ന പോഡ്‌കാസ്‌റ്റിലാണ് ഗായിക ദുരനുഭവം വിവരിച്ചത്.
” അന്ന് ഞാൻ മുംബൈയിലാണ് താമസം. ഒരു ദിവസം സാന്താക്രൂസിലെ ആഢംബര ബംഗ്ലാവിലേക്ക് എന്നെ രാജേഷ് റോഷൻ വിളിപ്പിച്ചു. വീട്ടിലെത്തിയതിന് പിന്നാലെ അയാളുടെ മ്യൂസിക് റൂമിലേക്ക് ക്ഷണിച്ചു. തുടർന്ന് അയാളുടെ ആവശ്യപ്രകാരം കുറച്ച് പരസ്യ ജിംഗിളുകൾ ഞാൻ പാടി കേൾപ്പിക്കാൻ തുടങ്ങി. അവിടെയുണ്ടായിരുന്ന ഐപാഡിൽ താൻ മുമ്പ് ചെയ്ത വർക്കിന്റെ വിശദാംശങ്ങൾ കാണിക്കാൻ രാജേഷ് പറഞ്ഞു. ഇത് ബ്രൗസ് ചെയ്യുന്നതിനിടെ എന്റെ സ്കേർട്ടിന് ഉള്ളിൽ അയാളുടെ കൈകൾ…. ഗായിക പറഞ്ഞു. ഉടൻ അവിടെ നിന്ന് ഇറങ്ങിയതായും ആ സമയത്ത് പ്രതികരിക്കാൻ തനിക്ക് സാധിച്ചില്ലെന്നും ഗായിക പറയുന്നു.
ലഗ്നജിതയുടെ ആരോപണങ്ങളോട് രാജേഷ് റോഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മ്യൂസിക് ഇൻഡസ്ട്രിയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും ഗായിക പറഞ്ഞു. രാജേഷ് റോഷൻ വേട്ടക്കാരിൽ ഒരാൾ മാത്രമാണെന്നും മറ്റ് പ്രശസ്തരിൽ നിന്നും തനിക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവരുടെ പേരുകൾ ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഗായിക പോഡോകാസ്റ്റിൽ പറഞ്ഞു.