ഹൈദരാബാദ് : സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് സിനിമാ താരം അല്ലു അർജുനെ അറസ്റ്റ് ചെയ്ത കോൺഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാന സർക്കാരിനെ വിമർശിച്ച് മുതിർന്ന ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ബന്ദി സഞ്ജയ് കുമാർ. സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സംസ്ഥാന സർക്കാർ നടനെ ഇത്തരത്തിൽ അറസ്റ്റ് ചെയ്തതെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ സഞ്ജയ് കുമാർ പറഞ്ഞു.
“ഒരുകാലത്ത് ദുർഭരണം നടത്തി സംസ്ഥാനം കൊള്ളയടിച്ചവർ സ്വതന്ത്രനായി നടക്കുമ്പോൾ, ശ്രദ്ധ പിടിച്ചുപറ്റാൻ ദേശീയ അവാർഡ് ജേതാവായ ഒരു നടനെ അവർ അറസ്റ്റ് ചെയ്തു. അവരുടെ കഴിവുകേടിനെ സെൻസേഷണലിസം മറയ്‌ക്കില്ല. കോൺഗ്രസ്സിന്റെ നിരാശാജനകമായ നാടകം രാജ്യം മുഴുവൻ കണ്ടു!”തെലങ്കാനയിലെ കോൺഗ്രസ് ഗവൺമെൻ്റിന്റെ നടപടികളെ സഞ്ജയ് കുമാർ വിമർശിച്ചു.
നേരെ കിടപ്പുമുറിയിൽ പോയി അറസ്റ്റ് ചെയ്യണോ? അദ്ദേഹം ചോദിച്ചു. വസ്ത്രം മാറാൻ അനുവദിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
അല്ലു അർജുൻ തെറ്റുകാരനല്ലെന്നും സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം പോലീസ് വകുപ്പിനാണെന്നും ബിജെപി എം എൽ എ രാജാസിംഗ് എക്‌സിൽ കുറിച്ചു.















