പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ സബ് ഇൻസ്പെക്ടർ മദ്യപിച്ച് ബഹളം വച്ചു. എംഎസ്പി ക്യാമ്പിലെ എസ്ഐ പത്മകുമാറിനെ തിരിച്ചയച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. നിലയ്‌ക്കലിൽ തീർത്ഥാടകരുടെ സേവനത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥനാണ് മലബാർ സ്പെഷ്യൽ പൊലീസിലെ എസ്ഐ പത്മകുമാർ. മദ്യപിച്ച് ബഹളം വയ്‌ക്കുകയും ഭക്തരോടടക്കം അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. ഭക്തരിൽ ചിലരാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.
പിന്നാലെ ഇയാളെ രാത്രിയിൽ തന്നെ നിലയ്‌ക്കൽ സർക്കാർ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. തുടർന്ന് മടങ്ങി പോകാൻ നിർദ്ദേശിക്കുകയായിരുന്നു. നിലയ്‌ക്കൽ ബേസ് ക്യാമ്പിന്റെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസർ ഡിജിപിക്ക് വിശദമായ റിപ്പോർട്ട് കൈമാറിയതായി അറിയിച്ചു. ഉടൻ തന്നെ വകുപ്പുതല അച്ചടക്ക നടപടിയുമുണ്ടാകും.















