വെള്ള വസ്ത്രം ഉന്മേഷവും ആത്മവിശ്വാസവുമൊക്കെ നൽകുമെങ്കിലും വെള്ള വസ്ത്രത്തിലെ കറയോ നിറം മങ്ങലോ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. കാലക്രമേണ വെള്ള വസ്ത്രം നിറം മങ്ങുന്നത് പതിവാണ്. വെള്ള വസ്ത്രങ്ങളും നിറം നിലനിർത്തുകയെന്നാൽ ടാസ്ക് തന്നെയാണ്. വെള്ള വസ്ത്രത്തിന്റെ നിറം നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിച്ച്, ചില സൂത്രപ്പണികൾ ചെയ്താൽ മതി. അവയിതാ..
ഒന്നാമതായി നിറമുള്ള വസ്ത്രങ്ങൾക്കൊപ്പം വെള്ള വസ്ത്രം കഴുകാതിരിക്കുക. നിറം ഇളകി പിടിക്കുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. സോപ്പുപ്പൊടി പതപ്പിച്ച് മണിക്കൂറുകളോളം വച്ചാൽ തുണി വെട്ടി തിളങ്ങുമെന്ന് കരുതരുത്. കുറച്ച് ഡിറ്റർജെൻ്റ് മാത്രം ഉപയോഗിക്കുക. പല തവണ കഴുകിയെടുക്കാനും ശ്രദ്ധിക്കണം. കടുപ്പമുള്ള കറ നീക്കം ചെയ്യുന്നതിനായി സോപ്പുപ്പൊടിക്കൊപ്പം ഹൈഡ്രജൻ പെറോക്സൈഡും തുല്യ അളവിലെടുത്ത് കറ പിടിച്ച ഭാഗത്ത് പുരട്ടി ഉരച്ച് കഴുകുക. ഹൈഡ്രജൻ പെറോക്സൈഡിനൊപ്പം ബേക്കിംഗ് സോഡയും വെള്ളവും ഉപയോഗിക്കാവുന്നതാണ്.
ഇവയൊക്കെ പരീക്ഷിച്ചിട്ടും വെള്ള വസ്ത്രത്തിന് നിറം പോരെന്ന് തോന്നിയാൽ ഈ വഴികൾ പരീക്ഷിക്കാം. ഒരു ബക്കറ്റിൽ തുല്യ അളവിൽ ചൂടുവെള്ളവും തണുത്ത വെള്ളവുമെടുത്ത് ഇതിലേക്ക് ബോക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ഒരു സ്പൂൺ ബേക്കിംഗ് സോഡയ്‌ക്ക് അര സ്പൂൺ വിനാഗിരിയോ നാരങ്ങാനീരോ ചേർക്കുക. ഈ മിശ്രിതത്തിലേക്ക് സോപ്പുപ്പൊടി ചേർത്തിളക്കി തുണി മുക്കി വയ്‌ക്കാം. ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിനാൽ നേരിട്ട് കൈ മുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിലേക്ക് പാൽ കൂടി ഒഴിക്കാവുന്നതാണ്. കൂടുതൽ ഫലം കിട്ടും. അര മണിക്കൂറിന് ശേഷം കഴുകിയെടുക്കാം. ടൂത്ത്ബ്രഷിൽ ടൂത്ത് പേസ്റ്റ് തേച്ച് ഉരച്ചാൽ ഷർട്ടിന്റെ കോളറിലെ കറ പോകുന്നതാണ്.















