വളക്കൂറുള്ള മണ്ണിലേ ചെടികൾ ആരോഗ്യകരമായി വളരുകയുള്ളൂ. മണ്ണിനെ വളക്കൂറുള്ളതാക്കി മാറ്റിയാൽ നമുക്കും സുഗമമായി പച്ചക്കറികളും ചെടികളും വളർത്താവുന്നതാണ്. അടുക്കള മാലിന്യങ്ങളെ ആശ്രയിച്ചാൽ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. മുട്ടത്തോടും ഉള്ളിതൊലിയും കഞ്ഞിവെള്ളവുമൊക്കെ സാധാരണയായി നമ്മൾ പ്രയോഗിക്കുന്നതാണ്.
എന്നാൽ മീൻ വെട്ടിയതിന്റെ ബാക്കിയും മീൻ വെള്ളവും ചെടികൾക്ക് നല്ലതാണെന്ന് പറഞ്ഞാലോ? നെറ്റി ചുളിക്കേണ്ട, സംഭവം ഉള്ളതാണ്. മീനിന്റെ രൂക്ഷഗന്ധത്തെ ഭയക്കേണ്ട, കിടിലനായി ചെടികൾ വളർത്തിയെടുക്കാം. മീനിന്റെ തലയിലും മറ്റ് അവശിഷ്ടങ്ങളിലും ചെടി വളർച്ച പ്രോത്സാഹിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മീനിന്റെ അവശിഷ്ടങ്ങൾ ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ നല്ല ആഴത്തിൽ കുഴിയുണ്ടാക്കി കുഴിച്ചിട്ടതിന് ശേഷം പച്ചക്കറി തൈകളോ പൂച്ചെടികളോ അതിൽ വെച്ച് പിടിപ്പിച്ചാൽ ചെടിയുടെ വളർച്ച വേഗത്തിലാകും.
ചെടി നട്ടതിന് ശേഷവും മീൻ വെള്ളവും അവശിഷ്ടങ്ങളും ഗുണം ചെയ്യും. വേര് പൊട്ടാതെ ചെടി ചുവട്ടിൽ കുഴി കുഴിച്ച് ഇത് കുഴിച്ചിടാവുന്നതാണ്. ചെറിയ രീതിയിൽ നനച്ചും കൊടുക്കുക. പുളിപ്പിച്ച കഞ്ഞിവെള്ളം വെള്ളം ചേർത്ത് ഒഴിക്കുന്നത് വളർച്ചയ്‌ക്ക് നല്ലതാണ്. മീൻ കഴുകിയ വെള്ളത്തിൽ ശർക്കര ലയിപ്പിച്ചത് ചേർത്ത് ഒരു ദിവസം മാറ്റിവയ്‌ക്കുക.. ഇതിലേക്ക് ഇരട്ടി വെള്ളം ചേർത്ത് പച്ചക്കറി തൈകളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് മഞ്ഞളിപ്പ്, തൈ മുരടിപ്പ്, കായ് ഫലം ഇല്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാണ്.















