ന്യൂഡൽഹി: പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന (PMJJBY) വഴി ഇതുവരെ 21 കോടി പേർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ സാധിച്ചതായി കേന്ദ്രം. 21.67 കോടി പേരാണ് PMJJBY പദ്ധതിയിലേക്ക് എൻറോൾ ചെയ്തെന്നും ഇതുവരെ 86,05,75 പേർക്ക് പദ്ധതിയുടെ ഗുണങ്ങൾ ലഭിച്ചെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. അതായത്, 17,211.50 കോടി രൂപ. ധനമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
18-നും 50-നും ഇടയിൽ പ്രായമുള്ളവർക്കുള്ളതാണ് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന. ഒരു വർഷത്തേക്കുള്ള ഇൻഷുറൻസ് പദ്ധതിയാണിത്. ഇൻഷ്വർ ചെയ്ത വ്യക്തിക്ക് മരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെ ലഭിക്കും. ഭാഗികമായി അംഗവൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപയും ലഭിക്കും. പദ്ധതിയുടെ വാർഷിക പ്രീമിയം 330 രൂപ മാത്രമാണ്. ഈ തുക എല്ലാ വർഷവും ബാങ്ക് അക്കൗണ്ടിൽ നിന്ന് മെയ് മാസത്തിൽ സ്വമേധയാ ഈടാക്കപ്പെടും. 55 വയസ് വരെയാണ് കവറേജ് ലഭിക്കുക.
2015-ലാണ് കേന്ദ്രം പദ്ധതി ആരംഭിക്കുന്നത്. ജൂൺ മുതൽ മെയ് വരെയാണ് പിഎംജെജെബിവൈ ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, ബാങ്ക് സേവിംഗ്സ് അക്കൗണ്ട്, ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് അക്കൗണ്ട് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം ഉള്ളവർക്ക് ഇൻഷുറൻസ് പദ്ധതിയിൽ ചേരാം.















