പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കൊപ്രക്കളത്തിൽ തീപിടിത്തം.
കൊപ്രക്കളത്തിലെ ഷെഡിനകത്താണ് തീപിടിത്തമുണ്ടായത്. വലിയ നടപ്പന്തൽ വരെ പുക നിറഞ്ഞു. ഫയർഫോഴ്സും പൊലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. തീ അണച്ചെങ്കിലും പ്രദേശത്ത് പുക ശക്തമായി ഉയരുന്നുണ്ട്.
വലിയ നടപ്പന്തലിന് ഏതാനും മീറ്ററുകൾ മാറിയാണ് കൊപ്രക്കളമുള്ളത്. നാല് ഷെഡ്ഡുകളാണ് കൊപ്രക്കളത്തിലുള്ളത്. ഷെഡ്ഡിനുള്ളിൽ കൂട്ടിയിട്ടിരുന്ന കൊപ്രയ്‌ക്കാണ് തീപിടിച്ചത്. ഉടൻ തന്നെ പൊലീസും ഫയർഫോഴ്സുമെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.
വെയിലുള്ള സമയത്ത് ഷെഡ്ഡിന്റെ മുകൾവശത്താണ് കൊപ്ര ഉണക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ശമിച്ചതോടെ കൊപ്രകൾ ഉണക്കാനായി പുറത്തേക്ക് മാറ്റുകയായിരുന്നു. ഈ സമയത്താണ് ഷെഡ്ഡിനുള്ളിൽ തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.
പുക ശക്തമായി ഉയർന്നതോടെ തീർത്ഥാടകരിൽ ചിലർക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു.