അർജുൻ അശോകനും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്ന് സ്വന്തം പുണ്യാളന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി 10-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. മഹേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോണാണ് നിർമിക്കുന്നത്.
മലയാളത്തിലും തമിഴിലുമായി പുറത്തെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ- അനശ്വര രാജൻ എന്നിവർക്കൊപ്പം ബാലു വർഗീസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രൺജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്റഫ്, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് തുടങ്ങിയവരും എന്നും സ്വന്തം പുണ്യാളനിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും മികച്ച പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. മുഴുനീള കോമഡി എന്റർടൈൻമെന്റ് ചിത്രമായിരിക്കും ‘എന്ന് സ്വന്തം പുണ്യാളൻ’ എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.