പത്തനംതിട്ട: മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്കുളള മടക്കത്തിലായിരുന്നു നിഖിലും അനുവും. വീടിന് ഏഴ് കിലോമീറ്ററോളം അകലെ അവരെ മരണം വാഹനാപകടത്തിന്റെ രൂപത്തിൽ കവർന്നെടുത്തു. വിവാഹം കഴിഞ്ഞ് ഇരുവരും ഒരുമിച്ചുളള ആദ്യ ക്രിസ്മസും അനുവിന്റെ പിറന്നാളും പുതുവർഷവുമൊക്കെ വീട്ടുകാർക്കൊപ്പം ആഘോഷിക്കാനുളള തയ്യാറെടുപ്പിലാണ് മലേഷ്യയിലെ മധുവിധു യാത്ര കഴിഞ്ഞ് ഇരുവരും നാട്ടിലെത്തിയത്.
നവംബർ 30 നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. ഒരേ പളളിയിൽ ഇടവകാംഗങ്ങളായിരുന്ന ഇരുവരും എട്ട് വർഷമായി പ്രണയത്തിലായിരുന്നു. പ്രണയം പൂവണിഞ്ഞ് ഒരുമിച്ച് ജീവിച്ചുതുടങ്ങിയ സന്തോഷത്തിലായിരുന്നു ഇരുവരും. മെക്കാനിക്കൽ എൻജിനീയറായ നിഖിൽ 2020 വരെ ഗൾഫിലായിരുന്നു. അവിടെ നിന്നാണ് പിന്നീട് കാനഡയിലേക്ക് പോയത്. അനു എംഎസ്ഡബ്ല്യു കഴിഞ്ഞിരുന്നു.
മലേഷ്യയിലെ ബന്ധുക്കളുടെ അടുത്തേക്കാണ് ഇരുവരും ഹണിമൂണിന് പോയത്. തിരികെ എത്തിയ നവദമ്പതികളെ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ പോയതാണ് നിഖിലിന്റെ അച്ഛൻ മത്തായി ഈപ്പനും അനുവിന്റെ പിതാവും റിട്ടയേർഡ് സൈനികനുമായ ബിജു പി ജോർജും. ആ യാത്രയ്‌ക്കിടെയാണ് ദാരുണമായ അപകടം.
ക്രിസ്മസും പുതുവർഷവും അനുവിനും കുടുംബത്തിനുമൊപ്പം ആഘോഷിച്ച് ജനുവരി 18 ന് തിരിച്ചുപോകാനിരുന്നതാണ് നിഖിൽ. അടുത്ത ദിവസം അനുവിന്റെ പിറന്നാൾ ആയിരുന്നു. വിവാഹ ശേഷമുളള ആദ്യ പിറന്നാൾ ആഘോഷിക്കാൻ കൂടിയാണ് ഇരുവരും ഇന്നലെ തിരിച്ചെത്തിയത്.
ബസിന്റെ വലതുഭാഗത്തേക്കാണ് കാർ ഇടിച്ചുകയറിയത്. സമീപവാസികൾ വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോൾ അനുവിന് മാത്രമാണ് ജീവൻ ഉണ്ടായിരുന്നത്. ബാക്കി മൂന്ന് പേരും ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.
അനുവും നിഖിലും പിന്നിലെ സീറ്റിന് അടിയിലേക്ക് കിടക്കുകയായിരുന്നു. പിന്നിലെ ഒരു ഡോർ മാത്രമാണ് തുറക്കാൻ പറ്റിയത്. അനുവിന് ജീവനുണ്ടായിരുന്നതിനാൽ പെട്ടന്ന് ആശുപത്രിയിലേക്ക് മാറ്റി. അനുവിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ആംബുലൻസ് തിരിച്ചെത്തിയാണ് ബാക്കിയുളളവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
ആന്ധ്രയിൽ നിന്നുളള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസുമായിട്ടാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ബസിനുളളിലേക്ക് കയറിയ നിലയിലായിരുന്നു.















