പത്തനംതിട്ട: ശബരമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിനും വൻ വർദ്ധനവെന്ന് ദേവസ്വം ബോർഡ്. കഴിഞ്ഞ വർഷത്തേക്കാൾ നാല് ലക്ഷത്തിലധികം ഭക്തരാണ് ഇത്തവണ ദർശനത്തിനെത്തിയത്. 22.7 കോടി രൂപയാണ് ഇക്കുറി അധിക വരുമാനമായി ലഭിച്ചത്. നട തുറന്ന് 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടിരിക്കുന്നത്.
മുന്നൊരുക്കങ്ങളുടെ വിജയമായാണ് ഈ കണക്കുകളെ കാണുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കുന്നതിന് പൊലീസിന്റെ മാതൃകപരമായ പ്രവർത്തനങ്ങളാണ് ശബരിമലയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 18 ലക്ഷത്തിലധികം ആളുകളാണ് ദർശനം നടത്തിയതെങ്കിൽ, 22, 67, 956 ഭക്തരാണ് ഈ മണ്ഡലകാലത്ത് ദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷം തീർത്ഥാടകരുടെ വർദ്ധനവ് രേഖപ്പെടുത്തി. 164 കോടിയോളം രൂപയാണ് ഈ വർഷത്തെ വരുമാനം. കഴിഞ്ഞ വർഷം ഇത് 141 കോടിയായിരുന്നു. കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ 22,76,22, 481 കോടിയാണ് അധിക വരുമാനമായി ലഭിച്ചിരിക്കുന്നത്.
അരവണ വിറ്റുവരവിലാണ് വൻ കതിപ്പുണ്ടായത്. കഴിഞ്ഞ വർഷം 65 കോടിയിലധികം അരവണ വിറ്റുപോയിരുന്നു. എന്നാൽ ഇത്തവണ അത് 84 കോടിയായി ഉയർന്നു. അരവണ വിൽപ്പനയിലൂടെ 17 കോടിയിലധകം വരുമാനമാണ് അധികമായി ലഭിച്ചത്.