പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) മുൻപോട്ട് വച്ച സുപ്രധാനമായ ഒരു തീരുമാനമായിരുന്നു പൊതുപ്രവേശന പരീക്ഷകൾ. 2021 വരെ കേന്ദ്ര സർവകലാശാലകളിലെ യു.ജി – പി.ജി കോഴ്സുകളിൽ അഡ്മിഷൻ നേടുന്നതിനായി സെൻട്രൽ യൂണിവേഴ്സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ് (CUCET) നടത്തിവന്നിരുന്നു. എന്നാൽ, ജെ.എൻ.യു, ഡൽഹി യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മുതലായ സർവ്വകലാശാലകൾ സ്വന്തം നിലയിൽ എൻട്രൻസ് നടത്തുകയാണ് അപ്പോഴും ചെയ്തിരുന്നത്. പല പരീക്ഷയ്‌ക്കായി വിദ്യാർഥികൾ ഒടുക്കേണ്ടി വരുന്ന ഭീമമായ അപേക്ഷാ ഫീസും, ടീ പരീക്ഷകൾ ഒരേസമയം വരുന്നത് മൂലം എഴുതാൻ സാധിക്കാതെ വരുന്നതുമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനൊരു പരിഹാരമായാണ് 2022 മുതൽ കോമൺ യൂണിവേഴ്സിറ്റീസ് എൻട്രൻസ് ടെസ്റ്റ് (CUET) വിഭാവനം ചെയ്യപ്പെട്ടത്.
ഒരൊറ്റ പരീക്ഷ എഴുതുന്നതിലൂടെ രാജ്യത്തെ 44 കേന്ദ്ര സർവ്വകലാശാലകളിലെ കോഴ്സുകൾക്കും അപേക്ഷിക്കാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിച്ചത്. നിലവിൽ, CUET -UGയിൽ 33 ഭാഷാ പേപ്പറുകളും, 27 സബ്ജക്ട് പേപ്പറുകളും ഉൾപ്പെട്ടിട്ടുണ്ട്. CUET – പിജിയിൽ 22 ജനറൽ പേപ്പറുകളും, 41 ഭാഷാ പേപ്പറുകളും, സയൻസ്, ഹ്യുമാനിറ്റീസ്, മറ്റു വിഷയങ്ങൾ എന്നിങ്ങനെ 94 വിഷയാധിഷ്ഠിത പേപ്പറുകളും ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർവകലാശാലകൾക്ക് പുറമെ, കല്പിത-സ്വകാര്യ സർവകലാശാലകൾക്കും, സംസ്ഥാന സർവ്വകലാശാലകൾക്കും CUET സ്കോർ മുഖാന്തരം അഡ്മിഷനുകൾ നടത്താനുള്ള സാഹചര്യവും ഇതിലൂടെ നിലവിൽ വന്നു.
JEE, NEET മുതലായ പരീക്ഷകൾ പോലെ വിദ്യാർത്ഥികൾ എഴുതുന്ന ഒരു പ്രവേശന പരീക്ഷയായി CUET ഇതിനോടകം മാറി. 13,47,820 വിദ്യാർഥികളാണ് ഈ വർഷം CUET – UG പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന ടീ പരീക്ഷകളുടെ സുതാര്യത ഉറപ്പ് വരുത്താനും ഉന്നതാധികാര സമിതികൾ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ടീ വിഷയങ്ങളിൽ വിദ്യാർത്ഥികളിൽ നിന്നും, വിദ്യാഭ്യാസ വിചക്ഷണരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സുപ്രധാനമായ ഇടവേളകളിൽ യു.ജി.സി സ്വീകരിച്ചുവരുന്നു. അത്തരത്തിൽ വരും വർഷത്തിൽ, CUETയിൽ പല സമൂല മാറ്റങ്ങൾ നടത്തുവാനായി യു.ജി.സി തയ്യാറെടുക്കുകയാണ്.
പുതിയ മാറ്റങ്ങൾ
നിലവിലുള്ളത് പോലെ CUET – UG, PG പരീക്ഷകൾ വർഷത്തിൽ ഒരു തവണ മാത്രം നടത്തപ്പെടും. യു.ജി കോഴ്സുകളിൽ പരമാവധി 5 വിഷയങ്ങളിലാണ് ഒരു വിദ്യാർത്ഥിക്ക് അപേക്ഷിക്കാനാവുക. 12-ാം ക്ലാസിൽ പഠിച്ച ഐച്ഛിക വിഷയങ്ങൾക്ക് പുറമെയുള്ള പേപ്പറുകൾക്കും ഒരു വിദ്യാർത്ഥിക്ക് അപേക്ഷിക്കാവുന്നതാണ്. NEP പ്രകാരം ഇനി മുതൽ ഡിഗ്രി പ്രവേശന യോഗ്യത എന്നത് CUET യിൽ ആ തത്തുല്യ പേപ്പറിലെ സ്കോർ മാത്രമാണ്. അവിടെ പ്ലസ് ടു വിഷയം ഒരു മാനദണ്ഡമാകുന്നില്ല. ഉദാഹരണത്തിന്, പ്ലസ്ടുവിന് കൊമേഴ്സ് മാത്രം പഠിച്ച ഒരു വിദ്യാർത്ഥിക്ക്, CUET – UG പേപ്പർ നമ്പർ 319 ആയ മാത്തമാറ്റിക്സ് / അപ്ലൈഡ് മാത്തമാറ്റിക്സ് എഴുതി സ്കോർ നേടുന്നത് വഴി B.Sc മാത്തമാറ്റിക്സ് കോഴ്സിന് പ്രവേശനം നേടാൻ സാധിക്കും. ഒരു പേപ്പറിന്റെ സമയ ദൈർഘ്യം ഒരു മണിക്കൂർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. എല്ലാ ചോദ്യങ്ങളും നിർബന്ധമായിരിക്കും, ഒപ്പം തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുകളും ഉണ്ടായിരിക്കും.
NCERT സിലബസിൽ അധിഷ്ഠിതമായ പരീക്ഷ, ഭാരതത്തിലെ 13 ഭാഷകളിൽ നടത്തപ്പെടും. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു മുതലായ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷകൾ എഴുതാവുന്നതാണ്. 20 വിദേശ ഭാഷകൾക്ക് ജനറൽ ആപ്റ്റിട്യൂട് ടെസ്റ്റ് മുഖാന്തരം തന്നെയായിരിക്കും പ്രവേശനം. നിലവിൽ നടത്തി വന്നിരുന്ന സംരംഭകത്വം, ടീച്ചിംഗ് ആപ്റ്റിറ്റ്യൂഡ്, ഫാഷൻ സ്റ്റഡീസ്, ടൂറിസം, ലീഗൽ സ്റ്റഡീസ്, എഞ്ചിനീയറിംഗ് ഗ്രാഫിക്സ് മുതലായ പേപ്പറുകൾ ഒഴിവാക്കുവാനും തീരുമാനമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിമുതൽ 23 സബ്ജക്ട് പേപ്പറുകളാവും ഉണ്ടാവുക. ഒഴിവാക്കിയ പേപ്പറുകൾക്ക് ജനറൽ ആപ്ടിഡ്യൂഡ് ടെസ്റ്റ് ആയിരിക്കും പ്രവേശന മാനദണ്ഡം. യു.ജി.സി മാനദണ്ഡം വഴി മാത്രമാകണം അഡ്മിഷൻ എന്നും പുതിയ നിർദേശങ്ങളിൽ പറയുന്നു.
CUET-PG പരീക്ഷയെ സംബന്ധിച്ചിടത്തോളം, ഒന്നരമണിക്കൂർ ദൈർഘ്യം ആയിരിക്കും ഒരു പേപ്പറിനുണ്ടാവുക. പരീക്ഷ ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും നടത്തപ്പെടും. ജനറൽ പേപ്പറിൽ തൊഴിൽ – നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന ചോദ്യങ്ങളും ഉണ്ടായിരിക്കും. CUET വന്നതിന് ശേഷവും, പല സർവ്വകലാശാലകളും സ്വന്തം നിലയിൽ പ്രവേശന പരീക്ഷകൾ നടത്തുന്നത് തുടരുന്നുണ്ട്. അതുപോലെ, ചില ഇടങ്ങളിൽ ഡിഗ്രിയുടെ മാർക്ക് മാത്രമായിരിക്കും പ്രവേശന മാനദണ്ഡം. ഈ സഹചര്യത്തിൽ , സർവകലാശാലകൾക്ക് എത്രത്തോളം വെയിറ്റേജ് CUETക്ക് നൽകാമെന്നും തീരുമാനിക്കാവുന്നതാണ്. ധാരാളം പുതിയ കോഴ്സുകൾ വരുന്ന സാഹചര്യത്തിൽ CUETയുടെ തന്നെ പല പേപ്പറുകളുടെ വെയിറ്റേജ് ഏത് രീതീയിൽ വിഭജിക്കണമെന്നതും സർവകലാശാലകളുടെ വിവേചനാധികാരമാണ്.
ബാക്കിയാവുന്ന ന്യൂനതകൾ
CUET പ്രഖ്യാപനത്തോടെ എല്ലാ ഭാഷകളിലും പരീക്ഷകൾ നടത്തുമെന്ന തീരുമാനം ഉണ്ടായിരുന്നെങ്കിലും, CUET-UGക്ക് മാത്രമാണ് നിലവിൽ 13 ഭാഷകളിലെങ്കിലും ഇത് സാധ്യമായത്. ഇതുവരെ CUET-PG പരീക്ഷകൾ അത്തരത്തിൽ നടത്തുന്നത് സംബന്ധിച്ച് നടപടികൾ ഉണ്ടായിട്ടില്ല. അതുപോലെ ഈ വർഷം മുതൽ CUET ഒരു അദ്ധ്യയന വർഷത്തിൽ രണ്ട തവണ നടത്തപ്പെടും എന്ന തീരുമാനം മുൻപ് വന്നിരുന്നെങ്കിലും, പ്രാബല്യത്തിലായിട്ടില്ല. NEPയുടെ പ്രധാനപ്പെട്ട നിർദേശം, ഒരു വർഷത്തിൽ രണ്ട് തവണ അഡ്മിഷൻ നടത്താൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തയ്യാറാകണം എന്നതായിരുന്നു. എന്നാൽ ഒരു പ്രവേശന പരീക്ഷ മാത്രം ഉപയോഗിച്ച്, രണ്ട് തവണ എപ്രകാരം അഡ്മിഷൻ നടത്താനാവും എന്നതിൽ വ്യക്തതയില്ല.
CUET വിഭാവനം ചെയ്തതിന്റെ പ്രധാന ഉദ്ദേശ്യം പല പരീക്ഷകളും പല അപേക്ഷാ ഫീസുകളും നടപടിക്രമങ്ങളും ഒഴിവാക്കാം എന്നതായിരുന്നു. എന്നിരുന്നാലും ഇപ്പോഴും പല സർവകലാശാലകളും ആപ്ലിക്കേഷൻ ഫീസ് ഇനത്തിൽ വീണ്ടും വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുന്നതായി കാണപ്പെടുന്നു. ഈ ന്യൂനതകൾ പരിഹരിക്കാൻ യു.ജി.സി തയ്യാറാകേണ്ടിയിരിക്കുന്നു. പൊതുജനങ്ങൾക്ക് ഡിസംബർ 26 വരെ ടീ വിഷയങ്ങളിലുള്ള നിർദേശങ്ങൾ യു.ജി.സി പോർട്ടൽ മുഖാന്തരം അറിയിക്കാവുന്നതാണ്.