തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല സ്വദേശി ബിനിലാണ് പാറക്കെട്ടിൽ കുടുങ്ങിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വർക്കല മാന്തറയിലാണ് ചൂണ്ടയിടുന്നതിനായി യുവാവ് എത്തിയത്. ഇനിനിടെ കാൽ പാറയിടുക്കിൽ കുടുങ്ങുകയായിരുന്നു.
രണ്ട് മണിക്കൂറോളം കാൽ വലിച്ചെടുക്കാൻ ശ്രമിച്ചങ്കിലും യുവാവിന് ഇതിന് കഴിഞ്ഞില്ല. യുവാവിന്റെ നിലവിളി കേട്ടെത്തിയ വിനോദസഞ്ചാരികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് ബിനിലിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പാറകൾ താഴോട്ട് വീഴാൻ തുടങ്ങിയതോടെ നാട്ടുകാർ പിന്മാറി.
തുടർന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ആരോഗ്യനില തൃപ്തികരമാണ്.















