മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന്റെ മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മന്ത്രിമാർ. ഫഡ്‌നാവിസിന്റെ മണ്ഡലമായ നാഗ്പൂരിൽ നടന്ന ചടങ്ങിൽ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരും മറ്റ് പ്രതിനിധികളും ഉൾപ്പടെ മന്ത്രിസഭയിൽ പരമാവധി 43 മന്ത്രിമാരുണ്ടാകും.
ബിജെപിയിൽ നിന്നും 19 മന്ത്രിമാരും, ശിവസേനയിൽ നിന്നും 11 പേരും, എൻസിപിയിൽ നിന്നും 9 പേരും ഇതിൽ ഉൾപ്പെടുന്നു. നാഗ്പൂരിലെ രാജ്ഭവനിൽ നടന്ന പരിപാടിയിൽ ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും പങ്കെടുത്തിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് കാബിനറ്റ് മന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ആശിഷ് ഷെലാർ, ഗണേഷ് നായിക്, മംഗൾ പ്രഭാത് ലോധ, പങ്കജ മുണ്ടെ, ഗിരീഷ് മഹാജൻ, രാധാകൃഷ്ണ വിഖേ പാട്ടീൽ, ചന്ദ്രകാന്ത് പാട്ടീൽ, നിതേഷ് റാണെ തുടങ്ങിയ നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു.
ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ വിഭാഗത്തെ പ്രതിനിധീകരിച്ച് ശിവസേന നേതാക്കളായ ശംഭുരാജ് ദേശായി, ദാദാജി ദഗഡു ഭൂസെ, സഞ്ജയ് റാത്തോഡ്, ഉദയ് സാമന്ത്, ഗുലാബ്രറാവു പാട്ടീൽ, സഞ്ജയ് ഷിർസാത്ത് തുടങ്ങിയവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപി നേതാക്കളായ അദിതി തത്കരെ, ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്രിഫ് എന്നിവരും മന്ത്രിസഭയിൽ ഉൾപ്പെടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 235 സീറ്റുകൾ സ്വന്തമാക്കി മഹായുതി സഖ്യം മിന്നും വിജയം നേടിയിരുന്നു. 132 സീറ്റുകളായിരുന്നു ബിജെപിക്ക് മാത്രമായി നേടാൻ സാധിച്ചത്.















