ഇതിഹാസമായ തബല വിദ്വാനും സകലകല വല്ലഭനുമായ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73-ാം വയസിൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പുല്ലാങ്കുഴൽ വിദഗ്ധനുമായ രാകേഷ് ചൗരസ്യയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. അദ്ദേഹത്തെ രക്തസമ്മർദത്തെ തുടർന്നുള്ള പ്രശ്നങ്ങളും അലട്ടിയിരുന്നു. പ്രശസ്‌ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.
ആരോഗ്യം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ദിവസങ്ങളായി അദ്ദേഹം ഐസിയുവിലായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഏവരും പ്രാർത്ഥിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചിരിക്കെയാണ് ദുഃഖ വാർത്തയെത്തിയത്.1951 മാർച്ച് 9 നായിരുന്നു സാക്കിർ ഹുസൈനിന്റെ ജനനം. 11-ാം വയസുമുതൽ കച്ചേരികൾ അവതരിപ്പിച്ച് സാക്കിർ ഹുസൈൻ തന്റെ പാത സംഗീതമാണെന്ന് അടിവരയിട്ടിരുന്നു.
മുംബൈയിൽ ജനിച്ച സാക്കിറിനെ ഇന്ത്യാ ഗവൺമെൻ്റ് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. 1999-ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി അന്താരാഷ്‌ട്രതലത്തിൽ അദ്ദേഹം അംഗീകരിക്കപ്പെട്ടു. ഇത് യുഎസ്എയിലെ പരമ്പരാഗത കലാകാരന്മാർക്കും സംഗീതജ്ഞർക്കും നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ്.
മലയാളത്തിൽ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. തബലയില്‍ പഞ്ചാബ് ഖരാനയില്‍ അച്ഛൻ അല്ലാ രഖായുടെ പാത പിന്തുടർന്ന് ഏഴാം വയസ്സിൽ സരോദ് വിദഗ്‌ധന്‍ ഉസ്‌താദ് അലി അക്‌ബര്‍ ഖാനൊടോപ്പം അച്ഛന് പകരക്കാരനായി ആദ്യമായി തബല വായിച്ചു. പിന്നീട് 12-ാം വയസിൽ ബോംബെ പ്രസ് ക്ലബില്‍ നൂറു രൂപയ്‌ക്ക് ഉസ്‌താദ് അലി അക്‌ബര്‍ ഖാനൊടോപ്പം തന്നെ സ്വതന്ത്രമായി കച്ചേരി നടത്തി.