പത്തനംതിട്ട: ശബരിമലയിലേക്ക് കാനന പാത വഴി വരുന്ന ഭക്തർക്ക് വരി നിൽക്കാതെ ദർശനം അനുവദിക്കുമെന്നറിയിച്ച് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. അവർക്ക് പ്രത്യേക എൻട്രി പാസ് നൽകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ശബരിമലയിൽ എരുമേലി വഴിയുള്ള പരമ്പരാഗത കാനന പാത വഴിയെത്തുന്നവർക്ക് പരിഗണന നൽകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. കാനന പാത വഴിയെത്തുന്ന തീർത്ഥാടകർക്ക് സന്നിധാനത്ത് ക്യൂ നിൽക്കാതെ ദർശനം നടത്താം. ഇതിനായി എരുമേലിയിൽ നിന്ന് പ്രത്യേക പാസ് നൽകും. പുല്ലുമേട് വഴി വരുന്നവർക്കും ഈ സൗകര്യം ഏർപ്പെടുത്തുമെന്നും വരും ദിവസങ്ങളിൽ തന്നെ തീരുമാനം നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും പി.എസ് പ്രശാന്ത് അറിയിച്ചു.
പുല്ലുമേട് വഴിയും എരുമേലി വഴിയും വരുന്ന ഭക്തർക്ക് സന്നിധാനത്ത് വരി നിൽക്കാതെ ദർശനം നടത്താനുള്ള സൗകര്യം ഒരുക്കണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. ഒരുപാട് ദൂരം വനത്തിലൂടെ നടന്നാണ് ഭക്തർ എത്തുന്നത്. സന്നിധാനത്തേക്ക് എത്താൻ നാൽപതോളം കിലോമീറ്റർ നടക്കേണ്ടി വരും. ദിവസവും അയ്യായിരത്തിലധികം പേരാണ് ഇത്തരത്തിൽ കാനനപാത വഴി ശബരിമലയിലേക്ക് വരുന്നത്. അവർക്ക് പ്രത്യേക പരിഗണന നൽകാനുള്ള തീരുമാനം ഭക്തർക്ക് വലിയ ഗുണം ചെയ്യുമെന്നും പി.എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.