കൊൽക്കത്ത : തൊഴിൽ സമയം ആഴ്ചയിൽ 70 മണിക്കൂറാക്കി മാറ്റണമെന്നുളള തന്റെ നിർദേശത്തെ വീണ്ടും ന്യായീകരിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. കൊൽക്കത്തയിൽ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് തന്റെ മുൻ നിർദ്ദേശത്തെ മൂർത്തി ന്യായീകരിച്ചത്. “മികച്ച ആഗോള കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്കാർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്” എന്ന് അദ്ദേഹം വാദിച്ചു.
“ഇൻഫോസിസിൽ, നമ്മൾ ഏറ്റവും മികച്ചതിലേക്ക് പോകുമെന്നും മികച്ച ആഗോള കമ്പനികളുമായി സ്വയം താരതമ്യം ചെയ്യുമെന്നും ഞാൻ പറഞ്ഞു. മികച്ച ആഗോള കമ്പനികളുമായി സ്വയം താരതമ്യം ചെയ്തുകഴിഞ്ഞാൽ, ഇന്ത്യക്കാർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത് . നമ്മുടെ അഭിലാഷങ്ങൾ ഉയർന്നതായിരിക്കണം. കാരണം, 800 ദശലക്ഷം ഇന്ത്യക്കാർക്ക് സൗജന്യ റേഷൻ ലഭിക്കുന്നു, അങ്ങനെ 80 കോടി ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. നമ്മൾ കഠിനാധ്വാനം ചെയ്തില്ലെങ്കിൽ, ആരാണ്? തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമാണ് ദാരിദ്ര്യത്തിനുള്ള ഏക പരിഹാരം.” ആർപിഎസ്ജി ഗ്രൂപ്പ് ചെയർമാൻ സഞ്ജീവ് ഗോയങ്കയോട് സംസാരിക്കവെയാണ് മൂർത്തി ഇക്കാര്യം പറഞ്ഞത്.
“എന്റെ കരിയറിന്റെ തുടക്കത്തിൽ ഞാൻ 14 മണിക്കൂർ ജോലി ചെയ്യുമായിരുന്നു. രാവിലെ 6.30ന് ഞാൻ ഓഫീസിൽ ഹാജരായി. രാത്രി 8.30ന് വീട്ടിലേക്ക് പോകുകയായിരുന്നു ഞാൻ ചെയ്തിരുന്നത്” . അദ്ദേഹം കൂട്ടിച്ചേർത്തു
ഈ വർഷം നവംബറിൽ, ആഴ്ചയിൽ 5 ദിവസത്തെ ജോലി എന്ന നിലവിലെ രീതിയെ വിമർശിച്ച മൂർത്തി വാർത്തകളിൽ ഇടം നേടിയിരുന്നു.