കൊൽക്കത്ത:മുസ്ലീങ്ങൾ ഉടൻ ഭൂരിപക്ഷമാകുമെന്ന പശ്ചിമ ബംഗാളിലെ നഗരവികസന , മുനിസിപ്പൽ കാര്യ , ഭവന നിർമ്മാണ മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീമിന്റെ പ്രസ്താവന വിവാദമാകുന്നു. “അള്ളാഹുവിന്റെ കൃപയുണ്ടെങ്കിൽ, വിദ്യാഭ്യാസം നമ്മോടൊപ്പമുണ്ടെങ്കിൽ ഞങ്ങൾ ഭൂരിപക്ഷമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്നും ഹക്കിം പറയുന്നു
“ഞങ്ങൾ അത്തരമൊരു സമൂഹത്തിൽ നിന്നാണ് വരുന്നത്, പശ്ചിമ ബംഗാളിൽ ഞങ്ങൾ 33% ആണ്, രാജ്യത്തുടനീളം ഞങ്ങൾ 17% മാത്രമാണ്, ഞങ്ങളെ ഇന്ത്യയിൽ ന്യൂനപക്ഷ സമുദായം എന്ന് വിളിക്കുന്നു. എന്നാൽ ഞങ്ങൾ സ്വയം ന്യൂനപക്ഷമായി കണക്കാക്കുന്നു. എന്നാൽ വരും ദിവസങ്ങളിൽ നമ്മൾ ന്യൂനപക്ഷമായി തുടരില്ല. അള്ളാഹുവിന് നമ്മുടെ മേൽ കൃപയുണ്ടെങ്കിൽ വിദ്യാഭ്യാസം നമ്മോടൊപ്പമുണ്ടെങ്കിൽ ഞങ്ങൾ ഭൂരിപക്ഷമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഇങ്ങിനെ ഒരു വീഡിയോയിൽ പറയുന്നത് വ്യാപകമായി പ്രചരിക്കപ്പെട്ടു. എപ്പോഴാണ് ഇയാൾ ഇക്കാര്യം പറഞ്ഞത് എന്ന് വ്യക്തമല്ല.
മുതിർന്ന തൃണമൂൽ നേതാവായ ഹക്കിമിന്റെ പരാമർശം വിവാദമാകുന്നത് ഇതാദ്യമല്ല. ഈ വർഷം ജൂലൈയിൽ ഇസ്ലാമിൽ ജനിക്കാത്തവർ നിർഭാഗ്യകരാണെന്ന് പറഞ്ഞതിനെ തുടർന്ന് ഹക്കിമിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നു .
“ഇസ്ലാമിൽ ജനിക്കാത്തവർ നിർഭാഗ്യവാന്മാരാണ്. അവരെ ഇസ്ലാമിന്റെ കീഴിലാക്കണം. അങ്ങനെ ചെയ്താൽ അള്ളാഹു സന്തുഷ്ടനായിരിക്കും,” ജൂലൈ 3 ന് അഖിലേന്ത്യാ ഖുറാൻ പാരായണ മത്സരത്തിനിടെയാണ് ഹക്കിം ഇങ്ങിനെ പറഞ്ഞത് . ഇത് വിവാദമായപ്പോൾ ആരെയും വേദനിപ്പിക്കുകയല്ല തന്റെ ലക്ഷ്യമെന്ന് പറഞ്ഞു തടിതപ്പി.
കൊൽക്കത്ത മേയറുടെ ഈ വർഗീയ പരാമർശങ്ങൾക്കെതിരെ ഭാരതീയ ജനതാ പാർട്ടി നേതൃത്വം നിശിതമായി പ്രതികരിച്ചു. കൊൽക്കത്ത മേയർ “വർഗീയ വിദ്വേഷം ഉണർത്തുകയും അപകടകരമായ അജണ്ട മുന്നോട്ട് വയ്ക്കുകയുംചെയ്യുന്നു ” എന്ന് ബിജെപി കുറ്റപ്പെടുത്തി.
“കൊൽക്കത്ത മേയറിൽ നിന്നു വരുന്നത് ശുദ്ധമായ വിഷം, തൃണമൂലിന്റെ ഫിർഹാദ് ഹക്കിം പരസ്യമായി വർഗീയ വിദ്വേഷം വളർത്തുകയും അപകടകരമായ അജണ്ട ഉയർത്തുകയും ചെയ്യുന്നു. ഇത് വിദ്വേഷ പ്രസംഗം മാത്രമല്ല – ഇന്ത്യയിൽ ബംഗ്ലാദേശ് തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ബ്ലൂപ്രിൻ്റാണിത്. എന്തുകൊണ്ടാണ് ഇൻഡി സഖ്യം നിശബ്ദത പാലിക്കുന്നത്? ഇക്കാര്യത്തിൽ അവരുടെ അഭിപ്രായം പറയാൻ ഞാൻ അവരെ വെല്ലുവിളിക്കുന്നു, ”പശ്ചിമ ബംഗാൾ സംസ്ഥാന ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.