തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ ഡിജിപിയാണ് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയക്ടർ ഇന്നലെ പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. കേസിൽ സമഗ്രാന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. തുടർന്ന് ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിജിലൻസ് ഡയക്ടർ എച്ച് വെങ്കടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനും ഡിജിപി നിർദ്ദേശം നൽകി.
ചോദ്യപേപ്പർ ചോർച്ചയിലെ അച്ചടിയിലും വിതരണത്തിനും അപാകതയുണ്ടോ, യൂട്യൂബ് ചാനലിന് പേപ്പർ എങ്ങനെ ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് അന്വേഷിക്കുക. ചോദ്യപേപ്പർ ചോർച്ച ഗൗരവമുള്ള വിഷയമാണെന്നും സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മര്യാദയുടെ അതിർ വരമ്പുകൾ ചാനൽ ലംഘിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന കൊടുവള്ളിയിലെ എം.എസ്.സൊല്യൂഷൻസ് യൂട്യൂബ് ചാനൽ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. കേസിൽ തീരുമാനം ഉണ്ടാകുന്നതുവരെ പ്രവർത്തനം നിർത്തുന്നുവെന്ന് യൂട്യൂബ് ചാനലിന്റെ സിഇഒ അറിയിച്ചു.