തിരുവനന്തപുരം: കോതമംഗലം കുട്ടമ്പുഴ ക്ണാച്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ കുറ്റവും വനം വകുപ്പിന് മേൽ ആരോപിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. കൊല്ലപ്പെട്ട എൽദോസിനെ ആന ആക്രമിച്ച പ്രദേശത്ത് വഴിവിളിക്കില്ലാത്തത് ഇന്നലെ രാത്രി തന്നെ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത് വനംവകുപ്പിന്റെ ചുമതലയല്ലെന്നാണ് എ.കെ. ശശീന്ദ്രന്റെ പ്രതികരണം.
ആന ഇറങ്ങുന്ന പ്രദേശമായിട്ടുകൂടി വഴിവിളക്ക് ഇല്ലാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പോസ്റ്റുകളിൽ ബൾബ് ഇട്ടു നൽകാൻ ആരും തയ്യാറായിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. റോഡിൽ വെളിച്ചം ഉണ്ടായിരുന്നെങ്കിൽ എൽദോസിന് ആനയെ കാണാനും ഒഴിഞ്ഞുമാറാനും സാധിക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവേയായിരുന്നു വഴിവിളക്കുകൾ സ്ഥാപിക്കാവുന്നതായിരുന്നു എന്ന് മന്ത്രി പറഞ്ഞത്.
ഇപ്പോൾ എല്ലാം വനംവകുപ്പിന്റെ തലയിലാണ്. വഴിവിളക്കുകൾ സ്ഥാപിക്കേണ്ട ചുമതല വനംവകുപ്പിനല്ല. അതിപ്പോ അവിടെ പറഞ്ഞാൽ നടക്കില്ല. ഓരോ ഡിപ്പാർട്ട്‌മെന്റിനും ഓരോ ചുമതലയുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. എൽദോസ് കൊല്ലപ്പെട്ട വഴിയിൽ വന്യജീവി ആക്രമണം പ്രതിരോധിക്കാനുളള പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇവിടെ ഫെൻസിങ് നശിച്ചുപോയി. ട്രെഞ്ചിംഗ് കുഴിക്കാനുളള നടപടികൾ തുടങ്ങിയിട്ടില്ല. അവിടെ വഴിവിളക്കുകൾ സ്ഥാപിക്കാനും ട്രഞ്ച് കുഴിക്കാനും മറ്റ് സ്ഥലങ്ങളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കാനുമുളള നടപടികൾ സ്വീകരിക്കാൻ നടപടി പൂർത്തിയാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ മുഖാന്തിരം ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ സമയബന്ധിതമായി പാലിക്കാനുളള എല്ലാ നടപടികളും സ്വീകരിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിട്ടുളളതെന്ന് മന്ത്രി പറഞ്ഞു. എൽദോസിന്റെ കുടുംബത്തിന് കൊടുക്കാനുളള സഹായധനം 10 ലക്ഷം രൂപ ഇന്നു തന്നെ നൽകും. രണ്ട് ഗഡുക്കളായി നൽകേണ്ട തുകയാണെങ്കിലും ഈ കേസിൽ ഇത് ഒരുമിച്ച് കൈമാറുമെന്ന് മന്ത്രി പറഞ്ഞു.
വനം വകുപ്പിലെ ചെറിയ ചെറിയ പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. അവർക്ക് യഥാസമയം പണം നൽകുന്നില്ലെന്നാണ് പരാതി. അത് നൽകാനുളള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. കുട്ടമ്പുഴ – കോതമംഗലം റേഞ്ചിലുളള പ്രദേശങ്ങളിൽ ഹാങ്ങിംഗ് ഫെൻസിങ്ങുകൾ സ്ഥാപിക്കാൻ പണം അനുവദിക്കുകയും ടെൻഡർ നടപടികളിലേക്ക് പോകുകയും ചെയ്തതാണ്. ടെൻഡർ നടപടികൾ പൂർത്തിയാക്കാനുളള കാലതാമസമാണ് ഉണ്ടായതെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ഇവിടെ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിക്കുന്നതിന് വാഹനം വാങ്ങുന്നത് തടസമായിരുന്നു. എന്നാൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ തീരുമാനിച്ചു. അതിനുളള നടപടികളും നടന്നുവരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി കടയിൽ പോയി വാഹനം വാങ്ങുന്നതുപോലെ വനംവകുപ്പിന് പോയി വാങ്ങിക്കാൻ കഴിയില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എടുത്ത സമയമാണിത്. നിയമപരമായ പരിശോധന നടത്തണം പണം കണ്ടെത്തണം. താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെയുളള ഉദ്യോഗസ്ഥ തല നടപടികൾ പൂർത്തീകരിക്കണം.
രണ്ടാഴ്ച മുൻപ് കോതമംഗലം എംഎൽഎയുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്ന കാലതാമസം ഒരു പ്രശ്‌നമാണ്. അപേക്ഷ കിട്ടിയത് പരിഗണിച്ചതുകൊണ്ടാണ് മൂന്ന് മാസത്തിനുളളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പണം അനുവദിച്ചത്. ടെൻഡർ ക്ഷണിച്ചുകൊണ്ടുളള ഉത്തരവിന്റെ പകർപ്പും കൊടുത്തിട്ടുണ്ട്. ഒന്നാമത്തെ ടെൻഡർ കഴിഞ്ഞു ആരും വന്നില്ല പിന്നെ പതിനഞ്ച് ദിവസത്തിന് ശേഷമേ രണ്ടാമത്തെ ടെൻഡർ ഇഷ്യൂ ചെയ്യാനാകു. വീണ്ടും പതിനഞ്ച് ദിവസമെടുത്താലെ മൂന്നാമത്തെ ടെൻഡർ പുറപ്പെടുവിക്കാനാകൂവെന്ന് മന്ത്രി പറഞ്ഞു.