ചെന്നൈ: ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽ ഉമ്മയുടെ സ്ഥാപകനും കോയമ്പത്തൂർ സ്ഫോടന കേസിലെ ഒന്നാം പ്രതിയുമായ എസ് എ ബാഷ മരിച്ചു. 83 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1998 ഫെബ്രുവരി 14ന് കോയമ്പത്തൂരിൽ ബോംബ് വച്ച് 58 പേരെ കൊലപ്പെടുത്തിയ തീവ്രവാദ പ്രവർത്തനത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ബാഷ. കോയമ്പത്തൂർ നഗരത്തിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ 12 സ്ഫോടനങ്ങളാണ് അന്ന് നടന്നത്.231 പേർക്ക് അന്ന് ഗുരുതരമായി പരിക്കേറ്റു.
എൽ.കെ.അദ്വാനിയുടെ തിരഞ്ഞെടുപ്പ് യോഗത്തിനു മുന്നോടിയായിട്ടായിരുന്നു സ്‌ഫോടനങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സ്‌ഫോടന പരമ്പരകൾ നടത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് സ്‌ഫോടനത്തിന്റെ സൂത്രധാരനായ എസ്എ ബാഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
മുഖ്യ സൂത്രധാരൻ ബാഷയ്‌ക്ക് ജീവപര്യന്തവും സഹായി മുഹമ്മദ് അൻസാരിക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു.
പ്രായാധിക്യവും അസുഖവും കാരണമാണ് ഈ വർഷം ഏപ്രിൽ 18ന് താൽക്കാലികമായി പരോൾ നൽകിയിരുന്നു.