കോഴിക്കോട്: വടകരയിൽ ജനവാസ മേഖലയിൽ ഖബർസ്ഥാൻ പണിയാൻ മുസ്ലിം ലീഗിന്റെ പിന്തുണയോടെ ആർഎംപി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കനാലിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്തിനോട് ചേർന്ന് ഖബർസ്ഥാൻ ഒരുക്കുന്നത്. ഇത് ശരിവെക്കുന്ന വിവരാവകാശ രേഖ ജനം ടിവിക്ക് ലഭിച്ചു.
പ്രദേശത്തെ പള്ളിയോട് ചേർന്ന് കിടക്കുന്ന സ്ഥലത്താണ് ഖബർസ്ഥാൻ നിർമിക്കാൻ നീക്കം നടക്കുന്നത്. അനധികൃതമായാണ് പള്ളിക്കമ്മിറ്റി ഇതിനുള്ള അനുമതി നേടിയെടുത്തതെന്ന് വിവരാവകാശ രേഖകൾ ചൂണ്ടിക്കാണിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സാകേതം ആപ്പ് വഴിയാണ് പുതിയ ശ്മശാനങ്ങൾക്കായി അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ എന്നാൽ ആപ്പ് വഴി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. പഞ്ചായത്ത് സെക്രട്ടറിക്ക് പള്ളിക്കമ്മിറ്റി നേരിട്ട് അപേക്ഷ നൽകുകയായിരുന്നു. കൂടാതെ ഗ്രാമസഭ ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്ന നിയമവും പാലിച്ചില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ 50 മീറ്റർ പരിധിക്കുള്ളിൽ ശ്മശാനം പാടില്ലെന്ന ചട്ടവും നിലവിലുണ്ട്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് തന്നെ ഖബർസ്ഥാൻ പണിയണമെന്ന വാശിക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആരോപണവും ശക്തമാണ്. ശുദ്ധജലം ഒഴുകുന്ന കനാലിനായുള്ള കാത്തിരിപ്പിനിടെയാണ് ഇടിത്തീ പോലെ ഖബർസ്ഥാൻ കടന്നുവന്നത്. വിഷയത്തിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. വരുന്ന ദിവസങ്ങളിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.















