പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ബാഗുമായി പാർലമെൻ്റിലെത്തിയ വയനാട് എംപി പ്രിയങ്ക വാദ്രയെ പുകഴ്‌ത്തി മുൻ പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈൻ. ജവഹർലാൽ നെഹ്റുവിനെ പോലുള്ളൊരു സ്വാതന്ത്ര്യ സമരസേനാനിയുടെ ചെറുമകൾ തലയുയർത്തി നിൽക്കുന്നുവെന്നും അവരുടെ ധൈര്യം അപാരമാണെന്നുമാണ് പാക് മന്ത്രി എക്സിൽ കുറിച്ചിരിക്കുന്നത്. പാക് എംപിമാർ ഇത്തരത്തിൽ ധൈര്യം കാണിക്കുന്നില്ലെന്നും ലജ്ജകരമാണെന്നും മന്ത്രി കുറിച്ചിട്ടുണ്ട്.
ഭാരതം വിജയ് ദിവസ് ആഘോഷിക്കുന്നതിനിടയിലാണ് തണ്ണിമത്തൻ ബാഗുമായി പ്രിയങ്ക രംഗപ്രവേശം നടത്തിയത്. പാലസ്തീൻ എന്നെഴുതിയ ബാഗിൽ തണ്ണിമത്തൻ മുറിച്ച് വച്ചിരിക്കുന്ന ചിത്രവുമുണ്ടായിരുന്നു. വിജയ് ദിവസത്തിൽ ഹമാസിനെ പിന്തുണച്ചതിന് പിന്നാലെ വൻ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് മുൻ പാക് മന്ത്രിയുടെ പുകഴ്‌ത്തൽ. നെഹ്റുവിന്റെ ചെറുമകളിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണെന്നാണ് ഫവാദ് ഹുസൈൻ പറഞ്ഞിരിക്കുന്നത്. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്റെ മന്ത്രിസഭാംഗമായിരുന്നു ഹുസൈൻ.
നേരത്തെയും കോൺഗ്രസ് നേതാക്കളെ പ്രശംസിച്ച് ചൗധരി ഫവാദ് ഹുസൈൻ രംഗത്ത് വന്നിട്ടുണ്ട്. രാഹുലിനെ മുതുമുത്തച്ഛൻ ജവഹർലാൽ നെഹ്റുവിനോട് ഉപമിച്ചാണ് അന്ന് വിവാദം സൃഷ്ടിച്ചത്. നെഹ്റുവിനെ പോലെ മികച്ച സോഷ്യലിസ്റ്റ് നേതാവാണ് രാഹുലെന്നായിരുന്നു പരാമർശം. രാഹുലിന്റെ ആരാധകൻ ഇപ്പോൾ സഹോദരിക്കും പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഇതോടെ കോൺഗ്രസിനോടുള്ള പാകിസ്താന്റെ താത്പര്യം വീണ്ടും ചർച്ചയാവുകയാണ്.















