ന്യൂഡൽഹി: ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ദുഷ്ടശ്രമത്തിന്റെ ഭാഗമായാണ് കോൺഗ്രസ് അടിയന്തരാവസ്ഥ കൊണ്ടുവന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ. ഭരണഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാടിലെ പൊള്ളത്തരം മുഴുവൻ നിരത്തിയായിരുന്നു രാജ്യസഭയിൽ നദ്ദയുടെ തീപ്പൊരി പ്രസംഗം. ഭരണഘടന പോക്കറ്റിൽ കൊണ്ടു നടക്കുന്ന ’ഗ്രാൻഡ് ഓൾഡ് പാർട്ടി’ നേതാക്കളെ പരിഹസിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കിയതുമില്ല.
രാജ്യം അപകടത്തിലായതുകൊണ്ടല്ല, കസേരയും അധികാരവും അപകടത്തിലായതിനാലാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു, സമ്മാനം തരുന്ന ലാഘവത്തോടെയാണ് കോൺഗ്രസ് അടിയന്തരാവസ്ഥ രാജ്യത്തിന് തന്നത്. അടുത്ത വർഷം ഇതിന്റെ അമ്പതാം വാർഷികമാണ്. അന്ന് ജനാധിപത്യ വിരുദ്ധ ദിനമായി ഞങ്ങൾ അത് ആഘോഷിക്കും. നിങ്ങളുടെ ഹൃദയത്തിൽ എന്തെങ്കിലും പശ്ചാത്താപമുണ്ടെങ്കിൽ 2025 ജൂൺ 25-ന് ജനാധിപത്യ വിരുദ്ധ ദിനത്തിൽ പങ്കുചേരണം, കോൺഗ്രസ് എംപിമാരെ ചൂണ്ടി നദ്ദ പറഞ്ഞു.
കോൺഗ്രസാണ് ഭരണഘടന തിരുത്താനും ആത്മാവ് നഷ്ടപ്പെടുത്താനും ശ്രമിച്ചത്. 1954 ൽ പാർലമെൻ്റിൽ ചർച്ച ചെയ്യാതെ രാഷ്‌ട്രപതി ഉത്തരവിലൂടെയാണ് ആർട്ടിക്കിൾ 35 എ കൊണ്ടുവന്നത്. പോക്സോ നിയമവും മനുഷ്യാവകാശ നിയമവും ഉൾപ്പെടെ ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ 106 നിയമങ്ങൾ ജമ്മു കശ്മീരിൽ ബാധകമായിരുന്നില്ല, എന്നിട്ട് ഇതേ കൂട്ടരാണ് ഇപ്പോൾ ജനാധിപത്യത്തെക്കുറിച്ച് കുറിച്ച് പറയുന്നതെന്ന് നദ്ദ പരിഹസിച്ചു.
1952 മുതൽ 1967 വരെ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പായിരുന്നു. ആർട്ടിക്കിൾ 356 കൊണ്ടുവന്ന് കോൺഗ്രസാണ് വിവിധ സംസ്ഥാനങ്ങളിലെ സർക്കാറുകളെ വീഴ്‌ത്തിയത്. നെഹ്റു 8 തവണയും ഇന്ദിര ഗാന്ധി 50 തവണയും രാജീവ് ഗാന്ധി 9 തവണയും മൻമോഹൻ സിംഗ് 10 തവണയും ഈ നിയമം ഉപയോഗിച്ചു. ഇതാണ് രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കേണ്ട സാഹചര്യം വരുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
#WATCH | Constitution Debate | In Rajya Sabha, Union Minister JP Nadda says, “…Why was Emergency imposed? Was the country in danger? No, the country was not in danger. The chair was in danger. It was only about the chair. Due to this, the whole country was thrown into… pic.twitter.com/PSkF5ApHUD
— ANI (@ANI) December 17, 2024
1975 ജൂൺ 25-ന് രാത്രി ആകാശവാണിയിൽ ഒരു പ്രക്ഷേപണത്തിനിടെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോക്‌സഭയിലേക്കുള്ള അവരുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സോപാധിക സ്റ്റേ അനുവദിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.















