തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. മത്സര ഓട്ടം നിയന്ത്രിക്കാൻ ബസുകളിൽ ജിയോ ടാഗ് ചെയ്യുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
സ്വകാര്യ ബസുകൾ ആളുകളെ ഇടിച്ചുകൊന്നാൽ ആറ് മാസത്തേക്ക് പെർമിറ്റ് സസ്‌പെൻഡ് ചെയ്യും. അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ട് ആളുകൾക്ക് മാരകമായ പരിക്ക് സംഭവിച്ചാൽ 3 മാസം പെർമിറ്റ് റദ്ദാക്കും. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് പുറമേയാണ് ഈ നടപടികളെന്ന് ഗണേഷ് കുമാർ പറഞ്ഞു. പലപ്പോഴും മത്സര ഓട്ടത്തിന് പല ബസുടമകളും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണെന്നും അതുകൊണ്ടാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പനയംപാടത്ത് നാല് കുട്ടികൾക്ക് മേൽ സിമന്റ് ലോറി മറിഞ്ഞ് അപകടമുണ്ടായ ഭാഗത്ത് റോഡിന്റെ അപകടസ്ഥിതി മാറ്റാൻ നടപടി സ്വീകരിക്കും. പെർമനന്റ് ഡിവൈഡർ സ്ഥാപിക്കും. ജംഗ്ഷനിലുളള ബസ് ബേ മാറ്റും. ആ ബസ് ബേയാണ് കൂടുതലും അപകടങ്ങൾ വിൡച്ചുവരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പാലക്കാടിനും കോഴിക്കോടിനും ഇടയിൽ 16 ബ്ലാക്ക് സ്‌പോട്ടുകൾ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്. കൂടുതലും രാമനാട്ടുകര ഭാഗത്താണ്. അത് പരിഹരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡിവൈഡർ സ്ഥാപിക്കാൻ ഊരാലുങ്കലിനാണ് കരാർ നൽകുന്നത്. ഒരു കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റി നൽകും. ചുവപ്പ് നാടയിൽ കുരുങ്ങാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഭാഗമായി ഫ്‌ലാഷ് ലൈറ്റുകൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബ്ലാക്ക് സ്‌പോട്ടായി മാറിയ മുണ്ടൂർ ജംഗ്ഷനിലും ഫ്‌ലാഷ് ലൈറ്റ് സ്ഥാപിക്കും. പനയംപാടത്ത് നടക്കുന്നതുപോലുള്ള ട്രയൽ മുണ്ടൂരും നടത്തും.
ഗതാഗത വകുപ്പിന്റെ എൻഫോസ്‌മെന്റ് പരിശോധന ശക്തമാക്കും. ഇന്ന് രാവിലെ മുതൽ പരിശോധന ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.