ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) 2025 മുതൽ ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളിൽ മാത്രമാകും ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. റിക്രൂട്ട്മെൻ്റ് പരീക്ഷകളൊന്നും തന്നെ നടത്തില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നീറ്റ് പരീക്ഷ ഓൺലൈനായി നടത്തണോയെന്നത് ആരോഗ്യമന്ത്രാലയവുമായി ചർച്ച ചെയ്യുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി)-യുജി വർഷത്തിലൊരിക്കൽ നടത്തുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ജെഇഇ കമ്പ്യൂട്ടർ അധിഷ്ഠിതമായാകും നടത്തുക. സമഗ്രമായ പരീക്ഷാ പരിഷ്കരണമാണ് കേന്ദ്രം പദ്ധതിയിടുന്നത്.
പ്രവേശന പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനുള്ള പദ്ധതിയുമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 2025-ൽ എൻടിഎയിൽ കുറഞ്ഞത് പത്ത് പുതിയ തസ്തികകളെങ്കിലും സൃഷ്ടിക്കപ്പെടും, കുറ്റമറ്റ രീതിയിൽ പരിശോധന ഉറപ്പാക്കാൻ എൻടിഎയുടെ പ്രവർത്തനത്തിൽ നിരവധി മാറ്റങ്ങൾ വരുത്തുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ഉന്നതതല പാനലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ പരീക്ഷ പരിഷ്കരണങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം ഭേദഗതികൾ പ്രഖ്യാപിച്ചത്. ജൂണിൽ എൻടിഎയുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഇസ്രോ മുൻ ചെയർമാൻ ആർ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിർദ്ദേശപ്രകാരമാണ് പരിഷ്കാരണങ്ങൾ നടപ്പാക്കാൻ മന്ത്രാലയമൊരുങ്ങുന്നത്.