കീവ് : യുക്രെയ്ൻ – റഷ്യ ദ്ധത്തിൽ പുതുതായി വിന്യസിക്കപ്പെട്ട ഉത്തരകൊറിയൻ സൈനികർ യുദ്ധക്കളത്തിൽ പലരീതിയിലുള്ള വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ട്. ഉക്രേനിയൻ മിലിട്ടറി ഇൻ്റലിജൻസ് പുറത്തു വിട്ട വിവരങ്ങൾ അനുസരിച്ച് റഷ്യൻ , ഉത്തര കൊറിയൻ സൈനിക ദളങ്ങൾ തമ്മിൽ കാര്യമായ ഏകോപന പ്രശ്‌നങ്ങളും ആശയ വിനിമയ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട് .
റഷ്യക്കാർ പറയുന്നതൊന്നും ഉത്തരകൊറിയൻ സൈനികർക്ക് മനസ്സിലാകാതെ പോകുന്നതാണ് യുദ്ധക്കളത്തിലെ ആശയവിനിമയത്തെ സങ്കീർണ്ണമാക്കുന്നത് എന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു. ഈ ഭാഷാ തടസ്സങ്ങൾ മൂലം ഉത്തരകൊറിയൻ സൈനികർ കഴിഞ്ഞ ദിവസം റഷ്യൻ സൈനികരെ വെടിവച്ചു. ആക്രമണത്തെ തുടർന്ന് 8 റഷ്യൻ സൈനികർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
റഷ്യയുടെ ചെചെൻ അഖ്മത്ത് യൂണിറ്റിലെ എട്ട് അംഗങ്ങളെയാണ് ഉത്തര കൊറിയൻ സൈനികർ കൊലപ്പെടുത്തിയതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. റഷ്യൻ സൈനികരെ ശത്രുക്കളായി തെറ്റിദ്ധരിച്ച അവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്
സംയുക്ത സൈനിക നീക്കങ്ങളിൽ ഫലപ്രദമായ ഏകോപനം അനിവാര്യമാണെന്നും ആശയവിനിമയത്തിന് കൃത്യമായ കർമ്മപദ്ധതി തയ്യാറാക്കണമെന്നും ഇല്ലെങ്കിൽ മാരകമായ തെറ്റുകൾക്ക് കാരണമാകുമെന്നും യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ ഉത്തരകൊറിയൻ സൈനികർ വിന്യസിക്കപ്പെട്ട ആദ്യ നാളുകളിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. ഉത്തർ കൊറിയൻ സൈനികർക്ക് അവരുടെ മാതൃഭാഷ അല്ലാതെ മറ്റൊരു ഭാഷയും വശമുണ്ടാകില്ല എന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഈ മുന്നറിയിപ്പ്.
യുദ്ധമുന്നണിയിലെ ഉത്തര കൊറിയൻ സൈനികർക്കിടയിൽ കനത്ത ആൾ നഷ്ടം ഉണ്ടാകുന്നതായി ഉക്രെയ്ൻ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകളും സാഹചര്യങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.