ശബരിമലയിൽ സ്പോട്ട് ബുക്കിംഗിൽ വൻ വർദ്ധനയെന്ന് സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ. ഇന്നലെ 10,000 പേർ അധികമായി സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയെന്നും പമ്പ മുതൽ സന്നിധാനം വരെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശരംകുത്തിവരെയാണ് ഇപ്പോൾ ക്യൂ ഉള്ളതെന്നും പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് ആറും ഏഴും മണിക്കൂർ വരെ നീളുകയാണ്. മരക്കൂട്ടത്ത് നിന്ന് ചെറുസംഘങ്ങളായാണ് ഭക്തരെ കടത്തിവിടുന്നത്. ഓരോ ദിവസവും ഭക്തരുടെ എണ്ണം വർദ്ധിക്കുകയാണ്.
ഇന്ന് പുലർച്ചെ പടി കയറാനുള്ള വരി ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിന് സമീപം വരെ നീണ്ടു. കാനനപാതവഴി എത്തുന്ന ഭക്തരെ ഇന്ന് മുതൽ പ്രത്യേക പാസ് നൽകി കടത്തിവിടും. വനം വകുപ്പുമായി സഹകരിച്ചാണ് പാസ് നൽകുന്നത്.
മണ്ഡലകാലത്തിന് സമാപ്തി കുറിച്ച് 26-ന് മണ്ഡലപൂജ നടക്കും. ഉച്ചയ്‌ക്ക് 12-നും 12.30-നും മധ്യേ തങ്ക അങ്കി ചാർത്തി മണഡലപൂജ നടക്കും. അന്ന് രാത്രി നട അടയ്‌ക്കും. പുലർച്ചെ 3.30 മുതൽ 11 വരെ മാത്രമാകും നെയ്യഭിഷേകം.