തിരുവനന്തപുരം: കലോത്സവങ്ങളിലെ പ്രതിഷേധങ്ങൾ പരിപാടിയുടെ അന്തസിനെ ബാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കലോത്സവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
” കലോത്സവങ്ങൾക്കിടയിലുള്ള പ്രതിഷേധ പരിപാടികൾ കലോത്സവ മാന്വലിന് നിരക്കാത്തതാണ്. രക്ഷാകർത്താക്കളും അദ്ധ്യാപകരും സഹകരിക്കണം. ജഡ്ജുമെന്റുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാൻ സംവിധാനമുണ്ട്. പൊതുയിടങ്ങളിലെ പ്രതിഷേധങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല.” – വി ശിവൻകുട്ടി പറഞ്ഞു.
കലോത്സവത്തിലെ ജഡ്ജുമെന്റുമായി ബന്ധപ്പെട്ട് അനാവശ്യ പ്രവണതകൾ കാണുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞുവയ്‌ക്കുന്ന സമീപനം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലോത്സവങ്ങൾക്കിടെ സംഘർഷങ്ങൾ തുടർച്ചയായ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കഴിഞ്ഞ മാസം തിരുവന്തപുരം റവന്യൂ കലോത്സവത്തിനിടെയുണ്ടായ സംഘർഷം ചർച്ചയായിരുന്നു. നെയ്യാറ്റിൻകര ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാനവേദിയിലാണ് സംഘർഷമുണ്ടായത്. ഹയർ സെക്കന്ററി വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലപ്രഖ്യാപനത്തെ ചൊല്ലിയുണ്ടായ തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
കൊല്ലം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിനിടെയും വിധി കർത്താക്കൾക്ക് നേരെ ചെരിപ്പേറും കുപ്പിവെള്ളമേറും ഉണ്ടായിരുന്നു. യുപി വിഭാഗം സംഘനൃത്തത്തിന്റെ ഫലപ്രഖ്യാപനമാണ് സംഘർഷത്തിന് കാരണം.















