ന്യൂഡൽഹി: കരിമണൽ കമ്പനിയായ CMRL ന് എതിരെ അതീവ ഗുരുതര വെളിപ്പെടുത്തലുമായി
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO). ഭീകര സംഘടനകളുമായി ബന്ധമുള്ളവർക്ക് CMRL പണം നൽകിയെന്ന് സംശയമുണ്ടെന്ന് SFIO ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. മാസപ്പടി കേസിൽ പ്രധാന രാഷ്‌ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്ന് പരിശോധിക്കുകയാമെന്നും SFIO അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
CMRL ഉം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായി എക്സാലോജിക്കും തമ്മിലുള്ള ദുരൂഹ ഇടപാട് സംബന്ധിച്ച് അന്വേഷണം പൂർത്തിയായെന്ന് SFIO കോടതിയെ അറിയിച്ചു. മാസപ്പടി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യമെങ്കിൽ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാമെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു.
CMRL ആർക്കൊക്കെ പണം നൽകിയെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 184 കോടിയിലധികം ഇടപാട് നടന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. ഈ പണത്തിൽ നിന്നൊരു ഭാഗം ഭീകര സംഘടനകളുമായി ബന്ധമുള്ളവർക്കും ലഭിച്ചിട്ടുണ്ട്. നൽകാത്ത സേവനത്തിന്റെ പേരിൽ എക്സാലോജിക്ക് പണം നൽകിയിട്ടുണ്ട്. ഇതിനായി വ്യാജ ബില്ലുകൾ ചമച്ചതായും കണ്ടെത്തിയിട്ടുണ്ടെന്നും SFIO വ്യക്തമാക്കി.
SFIO അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് CMRL ൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിക്കവേയാണ് SFIOയുടെ ഭാഗത്ത് നിന്ന് ഗുരുതര വെളിപ്പെടുത്തലുണ്ടായത്. കേസ് വീണ്ടും ഈ മാസം 23 ന് കോടതി പരിഗണിക്കും.