ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പിൽ ഒളിവിൽപ്പോയ വിജയ് മല്യയുടെ 14,000 കോടി രൂപയുടെ സ്വത്തുക്കൾ പൊതുമേഖല ബാങ്കുകൾക്ക് കൈമാറിയതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. നീരവ് മോദിയുടെ 1053 കോടി രൂപയുടെ സ്വത്തുകളും പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ബാങ്കുകളിലേക്ക് തിരികെ എത്തിച്ചെന്നും കേന്ദ്ര ധനമന്ത്രി പാർലമെൻറിനെ അറിയിച്ചു.
ഒരു കുറ്റവാളിയേയും രാജ്യം വിടാൻ അനുവദിക്കില്ലെന്നും ആരെങ്കിലും രാജ്യം വിട്ടാൽ കേന്ദ്ര എജൻസികൾ അവർക്ക് പിന്നാലെ കാണും. എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് 22, 280 കോടി രൂപയുടെ സ്വത്തുക്കളാണ് ബാങ്കുകളിൽ പുനസ്ഥാപിച്ചത്. സാമ്പത്തിക തട്ടിപ്പിൽ ഇരയായവർക്ക് ഈ പണം ലഭിക്കും. അതുപോലെ മെഹുൽ ചോക്സി, ഗീതാഞ്ജലി ഗ്രൂപ്പ് കമ്പനികളുടെ കേസുമായി ബന്ധപ്പെട്ട് 2,565.9 കോടി രൂപയുടെ ആസ്തി കണ്ടെത്തി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിജയ് മല്യയുടെ 14, 131 കോടിയുടെ സ്വത്തുക്കളാണ് ബാങ്കുകൾക്ക് കൈമാറിയത്. അടുത്തിടെ വിജയ് മല്യയുടെ ഫ്രാൻസിലെ 14 കോടുയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഫ്രാൻസിലെ ഏജൻസികളുടെ സഹായത്തോയെയായിരുന്നു നീക്കം. ലണ്ടനിൽ കഴിയുന്ന വിജയ് മല്യയെ തിരികെ രാജ്യത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ ഊർജ്ജിതമാക്കിയിരിക്കുകയാണ്. മറ്റൊരു പ്രധാന സാമ്പത്തിക കുറ്റവാളിയായ നീരവ് മോദി യുകെയിലെ ജയിലിലാണ് .















