ബേസിൽ ജോസഫും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അടിമുടി ത്രില്ലിംഗാണ് രണ്ടു മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ. ഷാപ്പിൽ നടന്ന മരണ ചുറ്റപ്പറ്റിയാണ് കഥ മുന്നോട്ട് സഞ്ചരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കോമഡിയുടെ മേമ്പൊടിയോടെ അണിയിച്ചൊരുക്കിയിരിക്കുന്ന സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.
ബേസിൽ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ സൗബിൻ വേറിട്ട ഗെറ്റപ്പിലാണ് വരുന്നത്. അൻവർ റഷീദ് നിർമിക്കുന്ന ചിത്രം നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്. ചാന്ദിനി ശ്രീധരൻ നായികയാകുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, നിയാസ് ബക്കർ,രാംകുമാർ, സന്ദീപ്, പ്രതാപൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈജു ഖാലിദാണ് ഛായാഗ്രഹണം.വിഷ്ണു വിജയ് സംഗീതം പകരുന്നു. ഷഫീഖ് മൊഹമ്മദാണ് ചിത്ര സംയോജനം നിർവഹിക്കുന്നത്. ആക്ഷൻ കൊറിയോ ചെയ്യുന്നത് കലൈ കിംഗ്സൺ.