പത്തനംതിട്ട: അയ്യനെ കാണാൻ എരുമേലിയിൽ നിന്ന് കാനന പാതയിലൂടെ വരുന്നവർക്ക് വനം വകുപ്പ് അനുവദിച്ച പ്രത്യേക പാസുമായി എത്തിയ ആദ്യ സംഘത്തെ നടപ്പന്തലിൽ സ്വീകരിച്ചു. ആറംഗ സംഘമാണ് ബുധനാഴ്ച രാവിലെ ഏഴിന് മുക്കുഴിയിൽ നിന്ന് പാസുമായി 35-ഓളം കിലോമീറ്ററുകൾ നടന്ന് വൈകിട്ട് മൂന്ന് മണിയോടെ നടപ്പന്തലിൽ എത്തിയത്. സത്രം വഴി കാനന പാതയിലൂടെ നടന്നു വരുന്നവർക്ക് വരി ഒഴിവാക്കി നേരെ പതിനെട്ടാംപടി വഴി ദർശനം അനുവദിക്കുന്ന സംവിധാനം നേരത്തെ ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ എരുമേലി വഴി വരുന്നവർക്ക് കൂടി ലഭ്യമാക്കിയത്.
പുതിയ പാസ് സംവിധാനം വലിയ അനുഗ്രഹമാണെന്ന് പാസുമായി എത്തിയ തീർത്ഥാടകർ പറഞ്ഞു. എരുമേലി വഴി കിലോമീറ്ററുകൾ താണ്ടി വരുന്നവർക്കും പ്രത്യേക പരിഗണന വേണമെന്ന നിർദ്ദേശം ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് എന്നിവരുടെ മുൻപാകെ കുറച്ചുകാലമായി ഉണ്ടായിരുന്നു.ദിവസങ്ങൾക്ക് മുമ്പ് ചേർന്ന ഉന്നതതല യോഗം ഇത് ചർച്ച ചെയ്തു.
മന്ത്രിയുടെയും ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എരുമേലി വഴി വരുന്നവർക്കും പാസ് അനുവദിച്ചത്. ഇവർക്ക് പരമ്പരാഗത പാത ഒഴിവാക്കി നടപ്പന്തലിൽ എത്തി, അവിടെയുള്ള വരിയും ഒഴിവാക്കി നേരെ പതിനെട്ടാംപടി കയറി ദർശനം നടത്താം,” എഡിഎം പറഞ്ഞു. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ മനോജ്, ഫോറസ്റ്റ് കൺട്രോൾ റൂം റേഞ്ച് ഓഫീസർ ജി എസ് രഞ്ജിത്ത്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി ആർ രാജീവ്, പോലീസ് ഇൻസ്പെക്ടർ പി അനിൽകുമാർ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.