ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം നിറഞ്ഞ 18 ഒടിടി പ്ലാറ്റ്ഫോമുകളാണ് ഒരു വർഷത്തിനിടെ രാജ്യത്ത് നിരോധിച്ചതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് സഹമന്ത്രി എൽ. മുരുഗൻ ലോക്സഭയിൽ പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗം എംപി അനിൽ ദേശായിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2000-ത്തിലെ ഐടി നിയമം പ്രകാരമാണ് നടപടി സ്വീകരിച്ചത്.
സർഗാത്മകമായ ആവിഷ്കാരത്തിന്റെ മറവിൽ അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസി സെക്ഷൻ 292 ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒടിടി പ്ലാറ്റ്ഫോമുകളും ഡിജിറ്റൽ മീഡിയയിൽ വാർത്തകളും മറ്റ് ഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കുന്നവരും കേബിൾ ടെലിവിഷൻ (നെറ്റ്‌വർക്ക് റെഗുലേഷൻ ആക്ട്, നെറ്റ്‌വർക്ക് റെഗുലേഷൻ ആക്‌ട്) പ്രകാരമുള്ള പ്രോഗ്രാം കോഡ്, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ എന്നിവ പാലിക്കണമെന്ന് ഡിജിറ്റൽ വാർത്താ പ്രസാധകർക്കായുള്ള കോഡിൽ പറയുന്നുണ്ടെന്ന് കേന്ദ്രമന്ത്രി മുരുഗൻ പറഞ്ഞു.
മലയാളത്തിൽ ആരംഭിച്ച അഡൽട്ട് ഒൺലി പ്ലാറ്റ്ഫോമായ യെസ്മ, ഡ്രീംസ് ഫിലിംസ്, വൂവി, അൺകട്ട് അഡ്ഡ, ട്രൈ ഫ്‌ലിക്സ്, എക്സ് പ്രൈം, നിയോൺ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്‌ലിക്സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കോഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് നിരോധിച്ച ഒടിടി പ്ലാറ്റ്ഫോമുകൾ. ഇതിന് പുറമേ നിരോധിത പ്ലാറ്റ്ഫോമുകളുമായി ലിങ്ക് ചെയ്ത 57 സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രവർത്തനരഹിതമാക്കിയിരുന്നു.















