ചെന്നൈ: ഇറച്ചിയ്‌ക്കായി കാക്കകളെ കൊന്ന ദമ്പതികളെ പിടികൂടി. തിരുവള്ളൂരിലെ നായപാക്കം റിസർവ് ഫോറസ്റ്റിന് സമീപമുള്ള തിരുപ്പാക്കം ഗ്രാമത്തിൽ ഗ്രാമത്തിലെ താമസക്കാരായ ആർ രമേഷ്, ഭാര്യ ഭുച്ചമ്മ എന്നിവരാണ് പിടിയിലായത്. 19 ചത്ത കാക്കകളെ ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
തങ്ങളുടെ ഏഴംഗ കുടുംബത്തിനു കറി വച്ച് കഴിക്കാനാണ് കാക്കകളെ പിടികൂടിയതെന്ന് ദമ്പതികൾ പറഞ്ഞു. എന്നാൽ പാതയോരത്തെ ഭക്ഷണശാലകൾക്കും ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ചെറിയ ബിരിയാണി വിൽപനശാലകൾക്കും കാക്കമാംസം വിതരണം ചെയ്യുന്ന വലിയ അനധികൃത വ്യാപാര ശൃംഖലയുടെ ഭാഗമാകാം സംഭവമെന്നും സംശയമുണ്ട്.
ദമ്പതികൾക്ക് 5,000 രൂപ പിഴ ചുമത്തുകയും , വനത്തിൽ അതിക്രമിച്ചുകയറിയതിന് കേസെടുക്കുകയും ചെയ്തു.സ്ഥിതിഗതികളെക്കുറിച്ച് ഭക്ഷ്യ കമ്മീഷണറെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.