വിരശല്യം അനുഭവിച്ചിട്ടില്ലാത്ത കുട്ടികൾ കുറവായിരിക്കും. മിക്ക അമ്മമാരേയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണത്. കൃമികടി, വിരശല്യം ഇങ്ങനെ പല പേരുകളിൽ പറയുന്ന ഈ പ്രശ്‌നത്തിന് കൃത്യമായി മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്. ലോകോരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം നാലിലൊന്ന് കുട്ടികളും ഈ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. രണ്ട് വയസ്സ് മുതലുള്ള കുഞ്ഞുങ്ങളിൽ ഈ പ്രശ്‌നം കണ്ടുവരാറുണ്ട്. റൗണ്ട് വേം, ഹുക്ക് വേം, പിൻ വേം, ടേപ്പ് വേം, വിപ് വേം എന്നിങ്ങനെ പല തരം വിരകളുണ്ട്. വ്യത്യസ്ത രീതിയിലായിരിക്കും ഇതിന്റെ ലക്ഷണങ്ങളും കാണപ്പെടുന്നത്.
പ്രധാനമായും വൃത്തിയില്ലാത്ത സാഹചര്യങ്ങളുമായി ഇടപഴകുന്നത് വഴിയാണ് വിരശല്യം ഉണ്ടാകുന്നത്. നന്നായി പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുക, നഖം കടിക്കുക, കൈ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കുക, മാംസാഹാരം നന്നായി വേവിക്കാതെ കഴിക്കുക തുടങ്ങീ പല പ്രശ്‌നങ്ങൾ വഴിയും വിരശല്യം ഉണ്ടാകാറുണ്ട്. സാധാരണ വൻകുടലിലാണ് വിരകൾ ബാധിക്കുന്നത്. ചില വിരകൾ ശ്വാസകോശം, കരൾ, ത്വക്കിന് തൊട്ടുതാഴെയുള്ള ഭാഗം എന്നിവിടങ്ങളിലും ബാധിക്കാം. രാത്രിസമയങ്ങളിൽ വിര മുട്ടയിട്ട് ഇരട്ടിക്കും. രാത്രിയിൽ കുടലിൽ നിന്ന് വിര മലദ്വാരത്തിന് സമീപമെത്തുകയും മുട്ടയിടുകയും ചെയ്യുന്നു. ഈ സമയം മലദ്വാരത്തിന് ചുറ്റും അസ്വസ്ഥതകൾ ഉണ്ടാകാം.
വിരശല്യം മാറാൻ ഡോക്ടറുടെ നിർദേശാനുസരണം കൃത്യമായ കാലയളവിനുള്ളിൽ മരുന്ന് കഴിക്കണം. എന്നാൽ വിരമരുന്ന് കഴിച്ചാൽ മാത്രം വിര ഇല്ലാതാകില്ല. അതിന് മറ്റ് ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. അതിലൊന്നാണ് കുഞ്ഞുങ്ങളുടെ അടിവസ്ത്രവും മറ്റും ചൂട് വെള്ളത്തിൽ നന്നായി കഴുകി വെയിലത്ത് ഉണക്കി എടുക്കുക എന്നത്. കുഞ്ഞുങ്ങളുടെ നഖം വെട്ടുക, അഴുക്ക് പിടിച്ചിരിക്കാതെ ശ്രദ്ധിക്കുക. നഖം കടിക്കുന്ന ശീലം ഇല്ലാതാക്കാൻ ശ്രമിക്കുക. വീട്ടിൽ മറ്റ് കുട്ടികൾക്കും ഒരേസമയം വിരമരുന്ന് നൽകുക. മുതിർന്നവരും വിരമരുന്ന് കഴിക്കുന്നത് നല്ലതാണ്. കിടക്കവിരി, പുതപ്പ് എന്നിവ ആഴ്ചയിൽ രണ്ട് തവണയെങ്കിലും കഴുകണം. ടോയ്‌ലറ്റ് സീറ്റ് ദിവസവും വൃത്തിയാക്കുക. പച്ചക്കറികളും, പഴങ്ങളും കഴുകി മാത്രം ഉപയോഗിക്കുക.