മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മോഹൻലാൽ ആലപിച്ച ഇസബെല്ലാ.. ഇസബെല്ലാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തെത്തിയത്. മോഹൻലാൽ, നിർമാതാവ് ആൻ്റണി പെരുമ്പാവൂർ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.
പ്രായഭേദമന്യേ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നതാണ് പുറത്തെത്തിയ ലിറിക്കൽ വീഡിയോ. ഒരു മാന്ത്രിക ലോകത്തേക്ക് ബറോസ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുമെന്നാണ് ലിറിക്കൽ വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. മോഹൻലാൽ ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. വീഡിയോ ഗാനം കൂടി എത്തിയതോടെ ആരാധകരുടെ ആകാംക്ഷകൾ ഇരട്ടിയാവുകയാണ്. ഗാനത്തിന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ബറോസ് ചരിത്രം കുറിക്കുമെന്നാണ് ആരാധകർ പറയുന്നത്. മലയാള സിനിമാ മേഖലയ്‌ക്ക് ഒരുപാട് റെക്കോർഡുകൾ കൊണ്ടുവരാൻ സാധ്യതയുള്ള സിനിമയാണ് ബറോസ്, വളരെയധികം പ്രതീക്ഷകളുണ്ട്, മോഹൻലാലിന്റെ ത്രീഡി ചിത്രം മലയാള സിനിമാ ലോകത്ത് വിസ്മയം തീർക്കും, ഭയങ്കര ഫീൽ തരുന്ന ഗാനാലാപനം, ലാലേട്ടൻ ബറോസിലൂടെ കുട്ടിപ്രേക്ഷകരെയും കയ്യിലെടുക്കാൻ പോവുകയാണ് – എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.