ന്യൂഡൽഹി: വരും വർഷങ്ങളിൽ ഇന്ത്യയുടെ ഇലക്ട്രിക് വാഹനവിപണി വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2030 ഓടെ ഇലക്ട്രിക് വാഹന വിപണിയുടെ ഉത്പാദന ക്ഷമത 20 ലക്ഷം കോടിയിലെത്തും. ഈ മേഖലയിൽ ഏകദേശം 5 കോടി തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇവി എക്സ്പോ 2024 ൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.
ഇലക്ട്രിക് വാഹനങ്ങളുടെ സാമ്പത്തിക വിപണി വലിപ്പം 2030 ഓടെ ഏകദേശം 4 ലക്ഷം കോടിയിലേക്കെത്തും. രാജ്യത്ത് ഇലക്ട്രിക് ബസുകളുടെ കുറവ് പ്രകടമാണ്. 50,000 ഇലക്ട്രിക് ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇത് ഒരു ലക്ഷമായി ഉയർത്തേണ്ടതുണ്ട്. എന്നാൽ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഗഡ്കരി ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.
രാജ്യത്തെ നാല്പത് ശതമാനം വായുമലിനീകരണവും സംഭവിക്കുന്നത് ഗതാഗത മേഖലയിൽനിന്നാണ്. ഇതിനു ഒരു പരിധിവരെ പരിഹാരം കാണാൻ ഇലക്ട്രിക്ക് വാഹന വിപണിക്ക് കഴിയുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 2014 ൽ ഗതാഗത മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലിപ്പം 7 ലക്ഷം കോടിയായിരുന്നു. എന്നാൽ ഇന്നത് 22 ലക്ഷം കോടിയായി ഉയർന്നിരിക്കുന്നുവെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. ഓട്ടോമൊബൈൽ വ്യവസായത്തിൽ ലോക രാജ്യങ്ങളിൽ ജപ്പാനെ മറികടന്ന് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.