ശബരിമല: ഈ മണ്ഡലകാലത്ത് ഏറ്റവും അധികം തീർത്ഥാടകർ ദർശനത്തിന് എത്തിയത് ഇന്നലെയെന്ന് ദേവസ്വം ബോർഡ്. 96,007 പേരാണ് മണ്ഡലകാല ചരിത്കരം തിരുത്തി ക്ഷേത്രത്തിലെത്തിയത്. സ്‌പോട് ബുക്കിങ് വഴി 22,121 പേരും എത്തി. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചുവെങ്കിലും മുൻ വർഷത്തേത് പോലെ തീർത്ഥാടകരെ വഴിയിൽ തടയുകയോ മറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. 18ാം തിയതി രാത്രി മലകയറി എത്തിയവരിൽ ദർശനം കിട്ടാതെ പതിനെട്ടാംപടി കയറിയ 5000ത്തോളം പേർ ഇന്നലെ പുലർച്ചെയാണ് ദർശനം നടത്തിയത്.
തിരക്ക് കൂടുതൽ ആയിരുന്നുവെങ്കിലും പതിനെട്ടാംപടി കയറാൻ തീർത്ഥാടകർക്ക് അധികം കാത്തുനിൽക്കേണ്ടിയും വന്നില്ല. പൊലീസ് കൃത്യമായി ഇടപെട്ടത് ആളുകൾക്ക് പരാതി ഇല്ലാതെ ദർശനം സുഗമമാക്കാൻ സഹായിച്ചു. ഇന്നും ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കാണുള്ളത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ മരക്കൂട്ടം വരെ എത്തിയിട്ടുണ്ട്. മണ്ഡലപൂജയ്‌ക്ക് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്.
വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. അവധി ദിവസങ്ങളും കൂടി എത്തിയതോടെ കൂടുതൽ തീർത്ഥാടകർ വരുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. അതേസമയം പമ്പയിലും നിലയ്‌ക്കലിലും പാർക്കിങ് സംവിധാനവും തിരക്കും നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.