കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്. ആദ്യഘട്ട അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അദ്ധ്യാപകർ ഉൾപ്പെടെ ഉള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ വിശദാംശങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. യൂട്യൂബ് ചാനലിൽ ക്ലാസ് എടുക്കുകയും, ക്ലാസ് എടുക്കാൻ സഹായിക്കുന്നവരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം.
സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളും, ഇവയുമായി സഹകരിക്കുന്ന അദ്ധ്യാപകരും നിലവിൽ അന്വേഷണപരിധിയിലുണ്ട്. ഇതിന് പുറമെ എം എസ് സൊല്യൂഷൻസ് ഉടമകളുടേയും മൊഴി ശേഖരിക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, പരാതി നൽകിയ അദ്ധ്യാപകർ എന്നിവരുടെ മൊഴി നേരത്തെ എടുത്തിരുന്നു. ഇത് പൂർത്തിയായതിന് പിന്നാലെയാണ് അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം.
വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് ഇതിൽ പങ്കുള്ളതായി വിവിരം ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ പേരിൽ പരാതി ഉയരുന്നുണ്ടെങ്കിൽ തങ്ങൾ മാത്രമാണ് ക്രൂശിക്കപ്പെടുന്നതെന്നാണ് എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിന്റെ ആരോപണം. കഴിഞ്ഞ ദിവസം നടന്ന എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയിൽ തങ്ങൾ പ്രവചിച്ച നാല് ചോദ്യങ്ങൾ മാത്രമാണ് വന്നതെന്നും ഇയാൾ അവകാശപ്പെടുന്നു.