ചേർത്തല: കൈമുട്ടിന് വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ ദേഹത്ത് നിന്ന് പുറത്തെടുത്തത് 25 വർഷം മുൻപ് കടിച്ച നായയുടെ പല്ല്. ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തത്. തണ്ണീർമുക്കം കുട്ടിക്കൽ വൈശാഖിന്റെ(36) കൈമുട്ടിൽ നിന്നാണ് ഈ പല്ല് പുറത്തെടുത്തത്.
കൈമുട്ടിന് അസഹ്യമായ വേദനയും മുഴയും വന്നതോടെയാണ് ഇയാൾ ആശുപത്രിയിലെത്തുന്നത്. 25 വർഷങ്ങൾക്ക് മുൻപ് വൈശാഖനെ നായ കടിച്ചിരുന്നു. അന്ന് മുറിവ് ഉണങ്ങിയതിനാൽ തുടർ ചികിത്സ തേടിയിരുന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം കൈമുട്ടിൽ ഒരു മുഴ വരികയായിരുന്നു. ഇതിന് പലയിടങ്ങളിലും ചികിത്സ തേടിയെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെ കഴിഞ്ഞ ദിവസം ചേർത്തല താലൂക്ക് ആശുപത്രിയിൽ സർജർ ഡോ.മുഹമ്മദ് മുനീറിനെ സമീപിക്കുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് കൈമുട്ടിൽ അസാധാരണമായ ഏതോ വസ്തു ഉള്ളതായി കണ്ടെത്തുന്നത്. ശസ്ത്രക്രിയയിലൂടെ ഇത് പുറത്ത് എടുത്തപ്പോഴാണ് നായയുടെ പല്ലാണെന്ന് മനസിലാകുന്നത്. തുടർന്ന് ഡോക്ടർ ഈ കാര്യം വൈശാഖിനോട് ചോദിച്ചപ്പോഴാണ് 25 വർഷം മുൻപ് നായ കടിച്ച കാര്യം പറയുന്നത്.















