ജയ്പൂർ: പെട്രോൾ പമ്പിന് സമീപം ട്രക്കുകൾ കൂട്ടിയടിച്ചുണ്ടായ വൻ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ജയ്പൂർ-അജ്മീർ ദേശീയ പാതയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. 35 ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി പേരുടെ നില ഗുരുതരമാണ്.
രാസവസ്തുക്കള്‍ നിറച്ച ട്രക്ക് മറ്റ് ട്രക്കുകളിലേക്ക് വന്നിടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന സിഎൻജി ടാങ്കറിനും തീപിടിച്ചു. ഇതോടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീപടരുകയായിരുന്നു. കിലോമീറ്ററുകളോളം കറുത്ത പുക കൊണ്ട് മൂടി. നിരവധി കാറുകൾ കത്തിനശിച്ചതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.