എണ്ണ നിക്ഷേപങ്ങളാൽ സമ്പന്നമായ സൗദി അറേബ്യയിൽ ലിഥിയം ശേഖരം കണ്ടെത്തിയതായി സൂചന . കടലിനടുത്തുള്ള എണ്ണപ്പാടങ്ങളിലാണ് ലിഥിയം ശേഖരം കണ്ടെത്തിയത് . സൗദി അറേബ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം, പ്രകൃതി വാതക കമ്പനിയായ സൗദി അരാംകോ പൈലറ്റ് പ്രോജക്റ്റിന് കീഴിൽ എണ്ണപ്പാടങ്ങളിലൊന്നിൽ നിന്ന് ലിഥിയം വേർതിരിച്ചെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു
ലിഥിയം നേരിട്ട് ഖനനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി ഗവൺമെൻ്റ് ഉടൻ വാണിജ്യ പൈലറ്റ് പ്രോഗ്രാം ആരംഭിക്കുമെന്ന് സൗദി അറേബ്യയുടെ ഖനനകാര്യ ഡെപ്യൂട്ടി മന്ത്രി ഖാലിദ് ബിൻ സാലിഹ് അൽ മുദൈഫർ അറിയിച്ചു. കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഫോർ സയൻസ് ആൻ്റ് ടെക്‌നോളജിയിൽ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതിക വിദ്യയിലൂടെയാണ് ലിഥിയം വേർതിരിച്ചെടുക്കുന്നത്.
മൊബൈൽ ഫോണുകൾ, വാഹനങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമിക്കുന്നതിന് ലിഥിയം അവശ്യവസ്തുവാണ്.















